കേരളമൊഴിവാക്കി ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക; നിതിൻ ഗഡ്‌കരി നാഗ്പുരിൽ മത്സരിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 72 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ടാംഘട്ട പട്ടികയില്‍ കേരളത്തില്‍ നിന്ന് ആരും ഉള്‍പ്പെട്ടിട്ടില്ല. കേരളത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി രണ്ടാം പട്ടികയിൽ ഇടംപിടിച്ചു. അദ്ദേഹം സിറ്റിങ് സീറ്റായ നാഗ്പൂരിൽത്തന്നെ മത്സരിക്കും. 2014ലെയും 2019 ലെയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിതിൻ ഗഡ്കരി നാഗ്പൂർ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നു. മൂന്നാംവട്ടവും നാഗ്‍പൂർ പിടിക്കാൻ ഗഡ്കരിയെ തന്നെ ബിജെപി ഇറക്കിയിരിക്കുകയാണ്.

ദാദര്‍ നഗര്‍ ഹവേലി, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 72 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

പട്ടികയില്‍ കര്‍ണാടകയിലെ പ്രതാപ് സിന്‍ഹയ്ക്ക് സീറ്റ് നിഷേധിച്ചു. കര്‍ണാല്‍ മണ്ഡലത്തില്‍ നിന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മത്സരിക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ഹാമിര്‍പൂരില്‍ മത്സരിക്കും. ജെഡിഎസ് നേതാവ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മരുമകന്‍ സി.എന്‍. മഞ്ജുനാഥ് ബംഗളൂര്‍ റൂറലില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും. ശോഭ കരന്തലജെ ബംഗളൂര്‍ നോര്‍ത്തില്‍ മത്സരിക്കും. പിയൂഷ് ഗോയല്‍ മംബൈ നോര്‍ത്തിലും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്ര ഷിമോഗയിലും, തേജസ്വി സൂര്യ ബംഗളൂരു സൗത്തിലും മത്സരിക്കും. മൈസൂരു രാജ കുടുംബാംഗം യദുവീര്‍ കൃഷ്ണ ദത്ത ചാമരാജ മൈസൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടും. തെലങ്കാനയില്‍ ചൊവ്വാഴ്ച ബിജെപി അംഗത്വമെടുത്ത ബിആര്‍എസ് നേതാവ് ഗോദം നാഗേഷ് ആദിലാബാദില്‍ മത്സരിക്കും.

More Stories from this section

family-dental
witywide