പ്രചാരണത്തിനിടെ ബിജെപി നേതാവിന്റെ ചുംബനം, വിവാദത്തിന് പിന്നാലെ വിശദീകരണവുമായി യുവതി

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് യുവതിയുടെ കവിളിൽ ചുംബിച്ചത് വിവാദമായി. ബിജെപി നേതാവും എംപിയുമായ ഖാഗന്‍ മുര്‍മുവാണ് യുവതിയെ ചുംബിച്ചത്. സംഭവത്തിൽ പ്രതികരണവുമായി യുവതി രം​ഗത്തെത്തി. പിതാവിന്റെ പ്രായത്തിലുള്ള ഒരാള്‍ വാത്സല്യം കാണിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്താല്‍ എന്താണ് പ്രശ്നമെന്ന് യുവതി ചോദിച്ചു.

ആളുകള്‍ക്ക് വൃത്തികെട്ട മാനസികാവസ്ഥയാണെന്നും സംഭവം വിവാദമാക്കേണ്ടെന്നും യുവതി പറഞ്ഞു. പെണ്‍കുട്ടിയോട് വാത്സല്യം പ്രകടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സംഭവത്തില്‍ ബിജെപി സ്ഥാനാർഥി പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ചഞ്ചലിലെ സിഹിപൂരിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് മുര്‍മുവിനെതിരെ ഉയര്‍ന്നത്.

സ്ത്രീകളോട് മോശമായി പെരുമാറിയ മുര്‍മു ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേതാവിനെതിരെ നടപടിയെടുക്കണമെന്നും ടിഎംസി ബിജെപിയോട് ആവശ്യപ്പെട്ടു. ബിജെപിയില്‍ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാര്‍ക്ക് കുറവില്ല. ഇവര്‍ അധികാരത്തില്‍ വന്നാല്‍ എന്താകും സ്ഥിതിയെന്ന് സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

BJP candidate kisses woman while election campaign