അരുണാചലില്‍ ബിജെപിക്ക് തുടര്‍ഭരണം : സിക്കിമില്‍ എസ്‌കെഎമ്മിന്റെ ഉജ്ജ്വല വിജയം, അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: 60ല്‍ 46 സീറ്റുകള്‍ നേടി തുടര്‍ച്ചയായ രണ്ടാം തവണയും അരുണാചല്‍ പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തി. സിക്കിമിലാകട്ടെ, ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) 32 സീറ്റുകളില്‍ 31 സീറ്റുകള്‍ നേടി, എതിരാളിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെ 1 സീറ്റിലൊതുക്കി.

വോട്ടെണ്ണലിനു മുമ്പുതന്നെ എതിരാളികള്‍ ഇല്ലാത്തതിനാല്‍ ബിജെപി 10 സീറ്റുകള്‍ നേടിയിരുന്നു. ശേഷിക്കുന്ന 50 സീറ്റുകളിലാണ് ബിജെപിയുടം ഉജ്ജല വിജയം. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിഇപി) അഞ്ചും, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ (പിപിഎ) രണ്ടും, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) സ്വതന്ത്രരും മൂന്ന് സീറ്റുകള്‍ വീതവും കോണ്‍ഗ്രസ് ഒരു സീറ്റും നേടി.

അതേസമയം, അരുണാചല്‍ പ്രദേശില്‍ ബിജെപി ഭൂരിപക്ഷം മറികടന്ന് തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ എത്തിയതോടെ ആഘോഷങ്ങള്‍ പൊടി പൊടിക്കുകയായിരുന്നു.

തങ്ങളുടെ പാര്‍ട്ടിയുടെ മറ്റൊരു വിജയത്തില്‍ സിക്കിമില്‍ എസ്‌കെഎം പ്രവര്‍ത്തകരും ആഹ്ലാദിക്കുകയാണ്. ഭരണകക്ഷിയായ എസ്‌കെഎമ്മും പവന്‍ കുമാര്‍ ചാംലിംഗിന്റെ എസ്ഡിഎഫും തമ്മിലായിരുന്നു സിക്കിമിലെ പ്രധാന മത്സരം.

അരുണാചലിന് മോദിയുടെ നന്ദി

‘നന്ദി അരുണാചല്‍ പ്രദേശ്! ഈ അത്ഭുതകരമായ സംസ്ഥാനത്തെ ജനങ്ങള്‍ വികസന രാഷ്ട്രീയത്തിന് അസന്ദിഗ്ധമായ ജനവിധി നല്‍കി. വീണ്ടും വിശ്വാസം അര്‍പ്പിച്ചതിന് എന്റെ നന്ദി. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി ഞങ്ങളുടെ പാര്‍ട്ടി കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കും. എന്ന് മോദി എക്സില്‍ എഴുതി.

സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്കും അഭിനന്ദനം

മറ്റൊരു പോസ്റ്റില്‍, സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിക്കിം ക്രാന്തികാരി മോര്‍ച്ചയെയും (എസ്‌കെഎം) അതിന്റെ തലവന്‍ പ്രേം സിംഗ് തമാംഗിനെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ‘2024-ലെ സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് എസ്‌കെഎമ്മിനും മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗിനും അഭിനന്ദനങ്ങള്‍. വരും കാലങ്ങളില്‍ സിക്കിമിന്റെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്.

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഏപ്രില്‍ 19 നാണ് വോട്ടെടുപ്പ് നടന്നത്. സിക്കിമിലെ മൊത്തം പോളിങ് 79.88 ശതമാനവും അരുണാചല്‍ പ്രദേശില്‍ 82.95 ശതമാനവുമായിരുന്നു.

സിക്കിമിലെ 146 മത്സരാര്‍ത്ഥികളില്‍, മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, അദ്ദേഹത്തിന്റെ ഭാര്യ കൃഷ്ണ കുമാരി റായ്, മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗ്, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ, ബിജെപിയുടെ നരേന്ദ്ര കുമാര്‍ സുബ്ബ എന്നിവരും പ്രധാന സ്ഥാനാര്‍ത്ഥികളായിരുന്നു.

More Stories from this section

family-dental
witywide