ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണ് ബിജെപിയും ആർഎസ്എസും മാറ്റുകയാണെന്ന പരാമർശത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി യാഥാർത്ഥ്യത്തിൽ നിന്നും വേർപെട്ട് സ്വപ്നതുല്യമായ ലോകത്താണ് ജീവിക്കുന്നതെന്നും രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയമറിയാമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
“രാഹുൽ ഗാന്ധി യാഥാർത്ഥ്യത്തിൽ നിന്നും വേർപെട്ട്, സ്വപ്നതുല്യമായ ലോകത്താണ് ജീവിക്കുന്നത്. കാര്യങ്ങളെ വ്യക്തമായി മനസിലാക്കാനുള്ള വിവേകം രാജ്യത്തെ ജനങ്ങൾക്കുണ്ട്. ജനങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമറിയാം. അദ്ദേഹത്തിന് എന്ത് മറുപടി കൊടുക്കണമെന്നത് രാജ്യത്തെ ജനങ്ങൾക്ക് വിട്ടുകൊടുക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വിശ്വാസം മറ്റൊരാളുടെ വാക്കുകൾ കൊണ്ട് തകർക്കാൻ കഴിയുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിശ്വാസം. അത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് രാഹുൽ കരുതുന്നത്. എന്നാൽ രാജ്യത്തെ ജനങ്ങൾ അയോധ്യയിലെ രാമക്ഷേത്രത്തിലേക്കെത്തുമെന്നും അതിന് കാരണം അവർക്ക് തങ്ങളുടെ രാമനിലുള്ള വിശ്വാസം കൊണ്ടാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.