ബ്രിജ് ഭൂഷണിന് സീറ്റ് നൽകിയില്ല, പകരം മകനെ ആ സീറ്റിലിറക്കി ബിജെപി; പെൺമക്കൾ തോറ്റെന്ന് സാക്ഷി

ലഖ്നൗ: ലൈംഗിക അതിക്രമ കേസിലെ പ്രതിയായ എം പിയും മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെ ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് ബി ജെ പി മാറ്റി നിർത്തി. ലൈംഗിക അതിക്രമ കേസിലെ പ്രതിയായതിനാലാണ് ബ്രിജ് ഭൂഷണെ മാറ്റി നിർത്തിയതെന്ന് ബി ജെ പി വ്യക്തമാക്കി. എന്നാൽ ബ്രിജ് ഭൂഷണിന് പകരം മകന് ബി ജെ പി സീറ്റ് നല്കിയിട്ടുണ്ട്. ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിലാണ് ബ്രിജ് ഭൂഷൺ സിംഗിന്‍റെ മകൻ കരൺ ഭൂഷൺ സിംഗിന് സീറ്റ് നല്കിയത്.

ബ്രിജ്ഭൂഷണിന്‍റെ മകന് സീറ്റ് നൽകിയ ബി ജെ പി നടപടിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഗുസ്തി താരവും ഒളിംപ്കിസ് മെഡൽ വിജയിയുമായ സാക്ഷി മാലിക്കടക്കമുള്ളവർ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ‘രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ്ഭൂഷൺ ജയിച്ചു’ എന്നാണ് സാക്ഷി പ്രതികരിച്ചത്. രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം ബി ജെ പി തകർത്തെന്ന് പറഞ്ഞ സാക്ഷി മാലിക്ക്, ഒരു വ്യക്തിക്ക് മുന്നിൽ രാജ്യത്തെ സർക്കാർ ഇത്ര ദുർബലമാണോയെന്നും ചോദിച്ചു.

അതേസമയം ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ പ്രസിഡൻറാണ് 34 കാരനായ കരൺഭൂഷൺ സിംഗ്. ബ്രിജ്ഭൂഷണ് എതിരെ പ്രചാരണം നടത്തുമെന്ന് ഗുസ്തി താരങ്ങൾ വ്യകതമാക്കിയിരുന്നു. ബ്രിജ് ഭൂഷൺ സിംഗിന് സീറ്റു നല്കരുതെന്ന് ഹരിയാനയിലെ ജാട്ട് സമുദായ സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മകന് സീറ്റ് നല്കി ബ്രിജ് ഭൂഷണെ ബി ജെ പി അനുനയിപ്പിച്ചത്.

BJP fields Brij Bhushan Singh son Karan

More Stories from this section

family-dental
witywide