ദില്ലി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിനിടെ നടത്തിയ ‘ശക്തി’ പരാമർശത്തിനെതിരെയാണ് ബി ജെ പി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ‘ശക്തി’ പരാമർശം ഹിന്ദുമത വിശ്വാസത്തിന് മുറിവേൽപ്പിക്കുന്നതും പരസ്പര വൈരം വളർത്തുന്നതുമാണെന്നാണ് ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം മുംബൈയിൽ സമാപിച്ച ഭാരത് ജോഡോ ന്യായ് യാത്ര വേദിയിലായിരുന്നു രാഹുൽ ‘ശക്തി’ പരാമർശം നടത്തിയത്. തങ്ങളുടെ പോരാട്ടം മോദിക്കെതിരെ മാത്രമല്ല ഒരു ‘ശക്തി’ക്കെതിരെ ആണെന്നുമായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ശക്തിയെന്നത് കൊണ്ട് ഉദ്ദേശിച്ചത് അധികാരകേന്ദ്രത്തെയാണെന്നും രാഹുൽ വിശദീകരിച്ചിരുന്നു.
എന്നാൽ രാഹുലിന്‍റെ ‘ശക്തി’ പരാമർശത്തിനെതിരെ അന്ന് തന്നെ ബി ജെ പി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രാഹുലിനെ വിമർശിക്കുകയും ചെയ്തു. രാഹുലിന്‍റെ പരാമർശം ശക്തി ദേവതയെ അപമാനിക്കുന്നതാണെന്നാണ് മോദിയടക്കമുള്ളവർ ആരോപിച്ചത്. ഓരോ സ്ത്രീയും അമ്മയും പെങ്ങളും ‘ശക്തി’യാണെന്നും അവരെ എതിര്‍ക്കുകയാണ് ‘ഇന്ത്യ’ സഖ്യം ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെ പ്രതികരണം.
BJP files complaint with EC against Rahul Gandhi over shakti remarks