പാർലമെൻ്റിലെ ചെങ്കോൽ,തമിഴ് – കാശിസംഗമം, മോദി ഇഡ്ലി: തമിഴ്നാട്ടിലെ ബിജെപിയുടെ ഗെയിം പ്ളാൻ എന്താണ്?

“ആരംഭിക്കലാമാ… നീങ്കൾ എപ്പടിയിറിക്കേ സാാർ…?” … കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലെ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ചത് ഇങ്ങനെയാണ്. മുണ്ടും ഷേർട്ടും ധരിച്ച് വഴക്കമുള്ള തമിഴിൽ മോദി സംസാരിക്കുന്നത് ഇത് ആദ്യമൊന്നുമല്ല. കഴിഞ്ഞ അഞ്ചുവർഷമായി മോദി തമിഴ്നാടിനെ നോട്ടമിട്ടിട്ടുണ്ട്. 2019 ലെ ബിജെപിയുടെ വോട്ട് ഷെയർ വെറും 4 ശതമാനത്തിനു താഴെയായിരുന്നു . ഇത്തവണ അവിടെ ബിജെപി വോട്ട് ശതമാനം രണ്ടക്കം കടക്കും എന്ന് എല്ലാ രാഷ്ട്രീയ നിരീക്ഷകരും പ്രവചിച്ചു കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വർഷത്തെ ഏഴാമത്തെ സന്ദർശനത്തിന് ഇന്ന് തമിഴ്നാട്ടിൽ കാലുകുത്തുമ്പോൾ ആർക്കും മനസ്സിലാകും ബിജെപിയുടെ ഉള്ളിലിരുപ്പ്. 400 എന്ന മാന്ത്രിക സംഖ്യയിലേക്ക് ബിജെപിക്ക് എത്തണമെങ്കിൽ തീർച്ചയായും തമിഴ്നാട് വിചാരിക്കണം. 39 ലോക്സഭ മണ്ഡലങ്ങളാണ് തമിഴ്നാട്ടിൽ. പുതുച്ചേരിയിൽ ഒന്നും. ഏപ്രിൽ 19ന് തമിഴ് നാട് പോളിങ് ബൂത്തിലേക്ക് പോകും മുമ്പ് 12ന് ഒരിക്കൽ കൂടി മോദി അവിടെ എത്തും.

ബിജെപിയുടെ ഒരു ദീർഘകാല പ്രോജക്ടാണ് തമിഴ്നാട്. തെന്നിന്ത്യ ബിജെപിക്ക് ഒരു ബാലികേറാമലയല്ല എന്ന് ബിജെപി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. തെലങ്കാനയിലും ആന്ധ്രയിലും ബിജെപി വേരു പിടിച്ചു കഴിഞ്ഞു. കർണാടകം പണ്ടേ ബിജെപിക്ക് ഒപ്പമുള്ള സംസ്ഥാനമാണ്. കേരളവും തമിഴ്നാടുമാണ് ഇനി ബിജെപിക്ക് സാധ്യതകളുള്ള സ്ഥലം.

ജയലളിതയുടേയും കരുണാനിധിയുടേയും മരണത്തോടെ തമിഴ്നാട്ടിൽ ദ്രാവിഡ കക്ഷികളുടെ പ്രഭാവത്തിന് മങ്ങലേറ്റു കഴിഞ്ഞു. സ്റ്റാലിൻ്റെ ഭരണത്തോടെ ഡിഎംകെ പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും എഐഎഡിഎംകെയുടെ നല്ലകാലത്തിന് കോട്ടം തട്ടിയിട്ടുണ്ട്. കോൺഗ്രസും ക്ഷീണിച്ച അവസ്ഥയിലാണ്. ഈ തിരഞ്ഞെടുപ്പിൽ ദ്രാവിഡ കക്ഷികൾ കഴിഞ്ഞാൽ ഏറ്റവും പ്രബലമായ മൂന്നാം മുന്നണിയായി വരാനാണ് ബിജെപി ശ്രമം. എഐഎഡിഎംകെയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ബിജെപി സംസ്ഥാന പ്രസിഡൻ്റ് ,മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈയുടെ നേതൃത്വത്തിൽ നന്നായി അധ്വാനിക്കുന്നുണ്ട്. താഴേതട്ടിലുള്ള ജനങ്ങളിലേക്ക് ഇറങ്ങാനായി എൻ മണ്ണ് എൻ മക്കൾ എന്ന പേരിൽ ഒരു സംസ്ഥാനാന്തര പദയാത്ര നടത്തിയിരുന്നു. അതിൽ മോദിയടക്കം പ്രസംഗിച്ചിരുന്നു. രണ്ട് ദ്രാവിഡ കക്ഷികളെ വിട്ട്, ചെറിയ പാർട്ടികളെയെല്ലാം ബിജെപി കൂടെകൂട്ടി സംഖ്യമുണ്ടാക്കി. എൻ.ഡി.എ.യിൽ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിൽ ബി.ജെ.പി 23-ലും അൻപുമണി രാംദോസിൻ്റെ പി.എം.കെ 10-ലും മുൻ മന്ത്രി ജി.കെ. വാസൻ്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസ് മൂന്നിടത്തും ടിടിവി ദിനകരൻ്റെ എഎംഎംകെ രണ്ടിടത്തും എഐഎഡിഎംകെ പുറത്താക്കിയ നേതാവ് ഒ.പനീർശെൽവം ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

2009ൽ 18 മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപി 5.3 ശതമാനം വോട്ട് നേടിയിരുന്നു. 2014-ൽ, ബി.ജെ.പി ഒരു വിശാല സഖ്യം രൂപീകരിച്ച് ഒമ്പത് മണ്ഡലങ്ങളിൽ മത്സരിച്ചു, ഒരു സീറ്റും സംസ്ഥാനത്ത് മൊത്തത്തിൽ 5.5 ശതമാനം വോട്ടും നേടി. 2019ൽ ബിജെപി എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കി അഞ്ച് സീറ്റിൽ മത്സരിച്ചെങ്കിലും 3.7 ശതമാനം വോട്ടേ നേടാനായുള്ളു. ഇത്തവണ സീറ്റുകൾ നേടാനായെങ്കിൽ അത് ബിജെപിക്കു കിട്ടുന്ന ബോണസ് ആയിരിക്കും. ഇത്തവണ പിച്ചൊരുക്കുക. അടുത്തു തവണ അടിച്ചു പറത്തുക അതാണ് ബിജെപിയുടെ ഗെയിം പ്ലാൻ.

ബിജെപിയുടെ തന്ത്രങ്ങൾ

ഭാഷയായിരുന്നു ബിജെപിയെ തമിഴ്നാട്ടിൽ തടഞ്ഞിരുന്ന വലിയ ഘടകം. ഹിന്ദിയെ സ്നേഹിക്കാത്ത തമിഴ് മക്കളുടെ അടുത്തേക്ക് തമിഴ് പേസിക്കൊണ്ടു തന്നെ ബിജെപി നടന്നടുക്കുകയാണ്. നമോ ഇൻ തമിഴ് എന്ന എക്സ് ഹാൻഡിലിൽ മോദിയുടെ പ്രസംഗങ്ങൾ എല്ലാം തമിഴിൽ കേൾക്കാം. അതുകൂടാതെ നമോ ആപ് വഴിയും ഇതെല്ലാം ലഭിക്കും. അതിനിടെ യുനൈറ്റഡ് നേഷൻസിൽ പോയി മോദി തമിഴിൽ പ്രസംഗിച്ചു. ലോകത്തിലെ ഏറ്റവും പ്രാചീനഭാഷകളിലൊന്നാണ് തമിഴ് എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഓരോ തവണ തമിഴ്നാട്ടിലെത്തുമ്പോഴും തമിഴ് പഠിക്കാൻ പറ്റാത്തതോർത്ത് അദ്ദേഹം സങ്കടപ്പെട്ടു. സമ്പന്നമായ തമിഴ് സംസ്കാരത്തേയും പാരമ്പ ര്യത്തേയും ഓർത്ത് ആവേശഭരിതനായി. തൻ്റെ പ്രസംഗങ്ങളിലെല്ലാം തിരുക്കുറൾ നിർലോഭം ഉദ്ധരിച്ചു. പോരാത്തതിന് ബനാറസ് ഹിന്ദു സർവകലാശാലയിൽ തമിഴ് ചെയർ സ്ഥാപിക്കുകയും ചെയ്തു.

തമിഴ് – കാശി സംഗമം

മോദിയുടെ സ്വന്തം മണ്ഡലമായ വാരാണസിയും (പഴയ കാശി) തമിഴ്നാടും തമ്മിൽ പുരതാന കാലത്ത് ബന്ധമുണ്ടായിരുന്നു എന്ന വിശ്വാസം അടിവരയിട്ട് ഉറപ്പിക്കുന്ന പദ്ധതിയാണ് തമിഴ് കാശി സംഗമം. 15ാം നൂറ്റാണ്ടിൽ തമിഴകം ഭരിച്ചിരുന്ന പരാക്രമ പാണ്ഡ്യൻ കാശിയിൽ പോയി ശിവലിംഗം കൊണ്ടുവന്ന് സ്ഥാപിച്ചതാണ് ശിവകാശി എന്നാണ് വിശ്വാസം . അതുപോലെ കാശി വിശ്വനാഥ ക്ഷേത്രത്തെ സ്മരിച്ചുകൊണ്ട് പാണ്ഡ്യൻ ഉണ്ടാക്കിയതാണ് തെങ്കാശിയിലെ ക്ഷേത്രമെന്നുമാണ് വിശ്വാസം. ഇതിനെയെല്ലാം വീണ്ടും ഓർമിപ്പിക്കുകയും ആ വിശ്വാസങ്ങളെ സംരക്ഷിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിനുവേണ്ടി തുടങ്ങിയ മോദിയുടെ അമൃതകാല പദ്ധതിയാണ് തമിഴ് – കാശി സംഗമം. വരാണാസിയിലെ മോദിഘാട്ടിലാണ് അദ്ദേഹം ഇത് ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതിയുടെ ഭാഗമായി നിരവധി തമിഴ്നാട്ടുകാർ കാശി സംഗമം സന്ദർശിക്കാനുള്ള യാത്ര നടത്തുന്നുണ്ട്.

പാർലമെൻ്റിലെ ചെങ്കോൽ

തമിഴ്നാട്ടിലെ ആഭരണശാലയിൽ നിര്‍മിച്ച് ,രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് ,സ്വാതന്ത്ര്യം കിട്ടിയ അന്ന് രാത്രി തമിഴ്നാട്ടിലെ തിരുവാടുതുറൈ അധീനത്തിന്റെ പ്രതിനിധി കൈമാറിയ ചെങ്കോൽ ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.. ഭരണമേല്‍ക്കുന്ന രാജാവിന് അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി രാജഗുരു ചെങ്കോല്‍ സമ്മാനിക്കുന്ന തമിഴ് ചോള പാരമ്പര്യത്തിന്റ വിളംബരം കൂടിയായിരുന്നു അത്. തിരുവാടുതുറൈ അധീനത്തിന്റെ മേധാവിമാരുമായി കൂടിയാലോചിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് അമിത് ഷാ അന്ന് വ്യക്തമാക്കിയെന്നു മാത്രമല്ല. പാർലെൻ്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിച്ചില്ലെങ്കിലും തിരുവാടുതുറൈ അധീനത്തിന്റെ മേധാവിമാരെയും ചെങ്കാലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വുമ്മിടി ബങ്കാരു ചെട്ടിയേയും പാർലമൻ്റ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു.

അയോധ്യ എന്ന തുറപ്പുചീട്ട്

അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനു 2 ദിനം മുൻപ് തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി തിരുച്ചി ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം സന്ദർശിച്ചു പൂജകൾ നടത്തി. ശ്രീരാമൻ്റെ കുടുംബ പ്രതിഷ്ഠയായിരുന്നു ശ്രീരംഗനാഥൻ എന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെ കമ്പ മണ്ഡപത്തിലിരുന്ന് കമ്പ രാമായണ പാരായണം ശ്രവിച്ചു. പിന്നീട് അവിടെ നിന്ന് പറന്ന് രാമേശ്വരത്ത് എത്തി അവിടെ അഗ്നിതീർഥത്തിൽ മുങ്ങി രാമനാഥ ക്ഷേത്രത്തിൽ പ്രാർഥന നടത്തി. അന്ന് അവിടെയുള്ള ശ്രീരാമകൃഷണ മഠത്തിൽ തങ്ങിയ ശേഷമാണ് മോദി തിരികെ പോയത്.

അതിനിടെ അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് പൊതു ഇടങ്ങളിൽ വീക്ഷിക്കാൻ തമിഴ്നാട്ടിൽ പലയിടത്തും സംവിധാനം ഉണ്ടാക്കിയിരുന്നു. ഇതിന് ഭരണകക്ഷിയായ ഡിഎംകെ സമ്മതിക്കുന്നില്ല എന്ന വലിയ പ്രചാരണം ആ ദിവസങ്ങളിലുണ്ടായി. ഇത്തരത്തിൽ വാർത്ത നൽകിയതിന് ദിനമലർ പത്രത്തിന് എതിരെ കേസെടുത്തു. ഡിഎംകെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോടതിയിൽ പോയി. തടയാൻ സർക്കാർ ഉത്തരവൊന്നും നൽകിയിട്ടില്ല എന്നായിരുന്നു തമിഴ്നാട് ആഭ്യന്തര വകുപ്പ് കോടതിയെ അറിയിച്ചത്. ഡിഎംകെ ക്ഷേത്രത്തിന് എതിരാണ് എന്ന വലിയ പ്രചാരണം വാട്സാപ് ഗ്രൂപ്പുകളിൽ നിറഞ്ഞു. സർക്കാർ ഹിന്ദുക്കളെ ബുദ്ധിമുട്ടിക്കുകയാണ് എന്നതരത്തിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ തന്നെ എക്സിൽ പോസ്റ്റുകളിട്ടു.

പ്രാണപ്രതിഷ്ഠ നടക്കുന്നത് കാണാൻ നിർമല വന്നത് കാഞ്ചിപുരത്ത്. ചടങ്ങു നടക്കുമ്പോൾ അത് കണ്ട് സന്തോഷ കണ്ണീരൊഴുക്കുന്ന നിർമലയുടെ വിഡിയോ ചാനലുകൾ പുറത്തുവിട്ടു. അതിനു മുൻപ് തന്നെ സനാതന ധർമത്തിനെതിരെസംസാരിച്ച മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ബിജെപിയുടെ ദേശീയ നേതാക്കളുടെ നീണ്ട നിരതന്നെ രംഗത്തു വന്നിരുന്നു.

മോദി ഇഡ്ലി

ഒരു മാധ്യമങ്ങൾക്കും മുഖം കൊടുക്കാതിരുന്ന മോദി കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തന്തി ടിവിക്ക് അഭിമുഖം നൽകി എന്നതു തന്നെ അമ്പരിപ്പിക്കുന്നതായിരുന്നു. ആ അഭിമുഖത്തിൽ തനിക്ക് തമിഴ് ഭക്ഷണമായ ഉപ്പുമാവ് ഇഷ്ടമാണെന്നും തൻ്റെ പേരിൽ മോദി ഇഡ് ലി പോലുംഉണ്ടെന്നതിൽ സന്തോഷമുണ്ടെന്നും മോദി പറയുന്നുണ്ട്. സേലത്താണ് മോദി ഇഡലി കിട്ടുന്ന സ്ഥലം. 4 ഇഡലിയും സാമ്പാറും 10 രൂപയ്ക്ക് കിട്ടും. തമിഴ്നാട് ബിജെപി സെല്ലാണ് ഇതിനു പിന്നിൽ. മോദിയുടെ പടം വച്ച ഇഡലി പരസ്യം സേലത്തിന്റെ ചുവരുകളിൽ നിറയുന്നുണ്ട്.

ഏറ്റവും ഒടുവിലായി കച്ചത്തീവ് വിഷയം കത്തിക്കാൻ നോക്കിയെങ്കിലും അത് പൊട്ടാതെ പോയി.

ഇന്ന് വൈകിട്ട് ആറുമണിക്ക് ചൈന്നെയിൽ മോദിയുടെ റോഡ് ഷോയുണ്ട് . നാളെ കൊയമ്പത്തൂരും മേട്ടുപാളത്തും പൊള്ളാച്ചിയിലും മോദി എത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും മോദി എത്തും. എന്തായിരിക്കും അദ്ദേഹം കരുതിവച്ചിരിക്കുക എന്ന് അന്ന് കാണാം.

BJP GamePlan And Long Term Project For Tamil Nadu Politics

More Stories from this section

family-dental
witywide