ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷം രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ സംഭാവനയുടെ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി ജെ പിക്കാണ് ഇക്കാര്യത്തിൽ വമ്പൻ നേട്ടം. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ബി ജെ പിക്ക് 2244 കോടി സംഭാവന കിട്ടി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ പറയുന്നത്. മുൻ വർഷത്തേക്കാൾ മൂന്നിരട്ടിയാണ് ഇത് കണക്ക്. 2022 – 23 ലെ സംഭാവനയുടെ കണക്കുമായി തട്ടിച്ച് നോക്കിയാൽ 212% വർധനവാണ് ബി ജെ പിക്കുള്ളത്.
കോൺഗ്രസിനാകട്ടെ കിട്ടിയത് 289 കോടിയാണ്. മുൻ വർഷം ഇത് 79.9 കോടിയായിരുന്നു. അതായത് കോൺഗ്രസിനും 3 ഇരട്ടിയിലേറെ സംഭാവന കിട്ടിയെന്ന് സാരം. സി പി എമ്മിന് ഇക്കാലയളവിൽ ലഭിച്ചത് 7.6 കോടി സംഭാവനയാണ്. അതായക് 1.5 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ അധികമായി ഇക്കുറി സി പി എമ്മിന് ലഭിച്ചു.
തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴിയല്ലാത്ത സംഭാവനയുടെ കണക്കാണ് വെബ്സൈറ്റിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടത്. 20000 രൂപയും അതിന് മുകളിലുമുള്ള സംഭാവനകളുടെ കണക്കാണിത്. ബി ജെ പിക്കും കോൺഗ്രസിനും ലഭിച്ച മൊത്തം സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള രസീതുകള്‍ ഉള്‍പ്പെടുന്നില്ല. 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് സ്കീം റദ്ദാക്കിയിരുന്നു.