വിധി എഴുതാൻ മണിക്കൂറുകൾ മാത്രം, 5 കോടിയുമായി ബിജെപി ദേശിയ ജനറൽ സെക്രട്ടറിയെ മുംബൈയിൽ പിടികൂടി? വിവാദം കത്തുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ബിജെപി ദേശിയ ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ വിനോദ് താവ്‌ഡെ വോട്ടിനായി പണം വിതരണം ചെയ്‌തെന്ന് ആരോപണം. കണക്കിൽപ്പെടാത്ത അഞ്ച് കോടി രൂപയുമായി ഹോട്ടലില്‍ വച്ച് വിനോദ് താവ്‌ഡെയെ കൈയോടെ പിടികൂടിയതായി ബഹുജന്‍ വികാസ് അഖാഡി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് പല്‍ഗാറിലെ ഹോട്ടലില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പണം നല്‍കാനുള്ളവരുടെ പേരടങ്ങിയ ഡയറിയും കണ്ടെത്തിയെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

നലസോപാരയിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജന്‍ നായിക്കിനായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്യുകയായിരുന്നുവെന്ന് ബഹുജന്‍ വികാസ് അഖാഡി ആരോപിച്ചു. പണം വിതരണം ചെയ്യുന്നുണ്ടെന്നറിഞ്ഞതിന് പിന്നാലെ സിറ്റിംഗ് എംഎല്‍എയും ബഹുജന്‍ വികാസ് അഖാഡി നേതാവുമായ ക്ഷിതിജ് ഠാക്കൂര്‍ അനുയായികള്‍ക്കൊപ്പം ഹോട്ടലില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ അരങ്ങേറി. ബഹുജന്‍ വികാസ് അഘാഡി അനുകൂലികള്‍ താവ്ഡെയെ തടഞ്ഞുവച്ച് മുദ്രാവാക്യം വിളിച്ചു. ഹോട്ടലിലെ യോഗസ്ഥലത്തുനിന്ന് പണവും ഡയറിക്കുറിപ്പുകളും കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടു. അതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

പണം നല്‍കി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ഉന്നതനേതാക്കള്‍ പോലും ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബിജെപി പറയുന്നത്. തെരഞ്ഞെടുപ്പ് തലേന്ന് ബഹുജന്‍ വികാസ് ആഘാഡിയുടെ ആസൂത്രിത നീക്കമാണ് ഇത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താനുമാണ് താവ്‌ഡെ ഹോട്ടലിലെത്തിയതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഇക്കാര്യത്തില്‍ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം നടത്തണമെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide