‘അന്ന ഭാഗ്യ’ അരിമോഷണം! അതും രണ്ടര കോടിയുടെ മുതല്, ബിജെപി നേതാവ് അറസ്റ്റിൽ

ബംഗളൂരു: സർക്കാർ പദ്ധതിയിൽ നിന്നും അരി മോഷ്ടിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. കർണാടകയിലാണ് സംഭവം. സർക്കാർ പദ്ധതിയായ ‘അന്നഭാഗ്യ’യിൽ നിന്നും അരി മോഷ്ടിച്ച കേസിൽ ബി ജെ പി നേതാവായ മണികാന്ത് റാത്തോഡാണ് അറസ്റ്റിലായത്. കലബുർഗിയിലെ വീട്ടിൽനിന്നാണ് കഴിഞ്ഞ ദിവസം രാത്രി ഷഹാപുർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഷഹാപുർ താലൂക്ക് അഗ്രികൾച്ചർ പ്രൊഡ്യൂസ് കോഓപറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റിയുടെ ഗോഡൗണിൽനിന്ന് 2.6 കോടി രൂപ വില വരുന്ന 6077 ക്വിന്റൽ അരി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഇയാൾക്ക് സമൻസ് അയച്ചിരുന്നു. ഇത് അവഗണിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 10 കിലോഗ്രാം അരി വീതം സൗജന്യമായി നൽകുന്ന പദ്ധതിയാണ് അന്നഭാഗ്യ സ്കീം. 2023ലാണ് കർണാടക സർക്കാർ പദ്ധതി ആരംഭിച്ചത്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറ്റാപുരിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് തോറ്റ നേതാവാണ് മണികാന്ത്‌. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയായിരുന്നു ഇവിടെ വിജയിച്ചത്.