ആലപ്പുഴ: എംഎല്‍എ യു പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി. ഗോപാലകൃഷ്ണന്‍ പരസ്യമായി രംഗത്ത്. പ്രതിഭയ്ക്ക് എതിരായ സൈബര്‍ ആക്രമണം ജുപ്‌സാവഹമെന്നാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം.
സിപിഎം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസില്‍ അവരുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. വളഞ്ഞിട്ട് സൈബര്‍ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ ആവില്ലെന്നും ഇതിന്റെ പിന്നില്‍ ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
‘അഡ്വ പ്രതിഭ എംഎല്‍എയെ വളഞ്ഞിട്ട് സൈബര്‍ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ ആവില്ല. ഇതിന്റെ പിന്നില്‍ ചരട് വലിച്ച കമ്മ്യൂണിസ്റ്റ് സാഡിസം അനീതിയും അപലപനീയവുമാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസില്‍ അവരുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അവര്‍ ഒരു എംഎല്‍എ മാത്രമല്ല. ഒരു സ്ത്രീയാണ്, അമ്മയാണ്. എന്തിന്റെ പേരില്‍ ആണെങ്കിലും ഇമ്മാതിരി വളഞ്ഞിട്ട് ആക്രമിക്കുന്നത് ജുപ്‌സാവഹമാണ്’.