ബെംഗളൂരു: സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി ബിജെപി നേതാവ് സി.ടി.രവിയെ അറസ്റ്റു ചെയ്തു. കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ ചര്‍ച്ചയ്ക്കിടെ മോശം പരാമര്‍ശം നടത്തിയെന്ന മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയിലാണ് നടപടി. ബിജെപി എംഎല്‍സിയും പാര്‍ട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു സി.ടി.രവി.
അംബേദ്കര്‍ക്കെതിരായ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന വാക്ക്‌പോരിനിടെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലഹരിമരുന്നിന് അടിമയാണെന്നു രവി ആരോപിച്ചിരുന്നു. അതോടെ, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ രവിയെ കൊലയാളിയെന്നു വിളിച്ചു. രവിയുടെ കാര്‍ ഇടിച്ച് 2 പേര്‍ മരിച്ച സംഭവത്തെ ഓര്‍മ്മപ്പെടുത്തിയായിരുന്നു ഇത്. ഇതോടെ പ്രകോപിതനായ രവി, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്കെതിരെ ആവര്‍ത്തിച്ച് മോശം പരാമര്‍ശം നടത്തുകയായിരുന്നു. തുടര്‍ന്ന് ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ അനുയായികള്‍ നിയമസഭാ മന്ദിരത്തിലേക്കു കടന്നുകയറി സി.ടി.രവിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന്, സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.