
ജയ്പുര്‍: കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് അസംബന്ധമായ കാരണം കണ്ടെത്തി രാജസ്ഥാനിലെ ബി ജെ പി നേതാവ് രംഗത്ത്. മുണ്ടക്കൈ – ചൂരല്‍മല മേഖലയെ ഒന്നാകെ തകർത്ത ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കേരളത്തില്‍ പശുക്കളെ കൊല്ലുന്നതാണെന്നാണ് രാജസ്ഥാനിലെ മുതിര്‍ന്ന ബി ജെ പി നേതാവും മുൻ എം എൽ എയുമായ അഹൂജ പറഞ്ഞത്. കേരളത്തിൽ അടിക്കടി ഇത്തരത്തിൽ ദുരന്തങ്ങളുണ്ടാകുന്നതിന് കാരണം ഇതാണെന്നും, ദുരന്തങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ സംസ്ഥാനത്ത് ഗോവധം നിരോധിക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും അഹൂജ പറഞ്ഞു.കേരളത്തിൽ ഗോമാതാക്കളെ കൊല്ലുന്നതിന്റെ നേരിട്ടുള്ള പ്രത്യാഘാതമാണ് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍. ഗോമാതാക്കളെ കൊല്ലുന്നത് തുടരുന്നിടത്തോളം കാലം ഇത്തരം ദുരന്തങ്ങളുണ്ടാകും. ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും പോലെയുള്ള സ്ഥലങ്ങളില്‍ മേഘസ്‌ഫോടനവും ഉരുള്‍പൊട്ടലും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എന്നാല്‍, അതൊന്നും കേരളത്തിലെ പോലെ ഇത്ര വലിയ ദുരന്തമാകാറില്ലെന്നും അഹൂജ പറഞ്ഞു. ഗോമാതാക്കളെ കൊല്ലുന്നത് നിര്‍ത്തിയില്ലെങ്കില്‍ കേരളത്തില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഇതിൽ നിന്ന് രക്ഷക്കായി ഗോവധ നിരോധനം കേരളവും നടപ്പാക്കണമെന്നും ബി ജെ പി നേതാവ് ആവശ്യപ്പെട്ടു.