ബിജെപി ഡീൽ ഉറപ്പിച്ചത് കെ സുധാകരനുമായി; 90 ശതമാനം ചർച്ച നടത്തി, സാമ്പത്തിക പ്രശ്നം തീർക്കാൻ തീരുമാനിച്ചിരുന്നു: നന്ദകുമാർ

കൊച്ചി:എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച പ്രതിപക്ഷം കത്തിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ. ജയരാജനല്ല, കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ബിജെപിയുമായി കൂടുതൽ അടുത്തതെന്ന് നന്ദകുമാർ പറഞ്ഞു. സുധാകരൻ ബിജെപിയുമായി 90 ശതമാനം ചർച്ചയും നടത്തിയിരുന്നതായും നന്ദകുമാർ ആരോപിച്ചു.

കെ. സുധാകരന്റെ സാമ്പത്തിക പ്രതിസന്ധി തീർക്കാൻ തീരുമാനമായിരുന്നു. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനം ലഭിച്ചതോടെ ചർച്ച മുന്നോട്ട് പോയില്ലെന്നാണ് ടി ജി നന്ദകുമാർ പറഞ്ഞത്. ചർച്ച നടത്തിയെന്നത് സുധാകരൻ നിഷേധിച്ചില്ലല്ലോ എന്നും നന്ദകുമാർ പറഞ്ഞു. സുധാകരൻ നിഷേധിക്കട്ടെ എന്നും നന്ദകുമാർ വെല്ലുവിളിച്ചു. റിപ്പോർട്ട ടിവിയിലെ കോഫി വിത്ത് അരുൺ എന്ന പരിപാടിയിലായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തൽ.

കോൺഗ്രസ് നേതാക്കളായ കെ മുരളീധരൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും ബിജെപി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം ശോഭാ സുരേന്ദ്രനെ വിട്ട് നേരിട്ടാണ് കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയത്.

കുഞ്ഞാലിക്കുട്ടിയെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കാമെന്ന് പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നൽകാമെന്ന് പറഞ്ഞു. പക്ഷേ അടുത്തില്ല. ബിജെപിക്ക് കേരളത്തിൽ ക്ലച്ച് പിടിക്കാൻ പാടാണെന്നും മുസ്ലിം സമുദായത്തിന്റെ പിന്തുണയില്ലെന്നും താൻ ജാവദേക്കറോട് പറഞ്ഞുവെന്നും ടി ജി നന്ദകുമാർ കൂട്ടിച്ചേർത്തു.

കേരളത്തിൽ കോൺഗ്രസിനെ പിടിച്ചിട്ട് കാര്യമില്ലെന്നും ഹിന്ദുക്കൾ കൂടുതലായും ഇടതിന്റെ കൂടെയാണെന്നും അതുകൊണ്ട് എൽഡിഎഫിനെ കൈകാര്യം ചെയ്യണമെന്നും അതാണ് ഇനി തീരുമാനമെന്നും ജാവദേക്കർ കൂടിക്കാഴ്ചയിൽ ഇപിയോട് പറഞ്ഞു. യുഡിഎഫ് നേതാക്കളെ കണ്ടെന്ന് പറഞ്ഞ് ഇപിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി.

More Stories from this section

family-dental
witywide