മോദിയുടെ മുസ്ലിംവിരുദ്ധ പ്രസംഗത്തെ വിമർശിച്ചു; ന്യൂനപക്ഷ മോർച്ച നേതാവിനെ പുറത്താക്കി ബിജെപി

ജയ്പൂർ: രാജസ്ഥാനിൽ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച ബിക്കാനീർ ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് ഉസ്മാൻ ഘാനിയെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കി.

അടുത്തിടെ ന്യൂഡൽഹിയിൽ ഒരു വാർത്താ ചാനലിനോട് സംസാരിക്കവെ, രാജസ്ഥാനിലെ 25 സീറ്റുകളിൽ മൂന്ന് നാല് ലോക്‌സഭാ സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെടുമെന്ന് ഘാനി പറഞ്ഞിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലികളിൽ മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങളെയും അദ്ദേഹം അപലപിച്ചു.

മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു മുസ്ലീം എന്ന നിലയിൽ പ്രധാനമന്ത്രി പറഞ്ഞതിൽ നിരാശയുണ്ടെന്നായിരുന്നു ഘാനിയുടെ മറുപടി.

ബിജെപിക്ക് വേണ്ടി താൻ മുസ്ലീങ്ങളുടെ അടുത്ത് വോട്ട് ചോദിക്കുമ്പോൾ, പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളെ കുറിച്ച് സമുദായത്തിലെ ജനങ്ങൾ സംസാരിക്കുമെന്നും അദ്ദേഹത്തിൽ നിന്ന് ഉത്തരം തേടുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിയോട് ജാട്ട് സമുദായത്തിന് അമർഷമുണ്ടെന്നും ചുരു ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അവർ പാർട്ടിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ പറയുന്നതിൻ്റെ പേരിൽ പാർട്ടി തനിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്ന് ഭയപ്പെടുന്നില്ലെന്നും ഘാനി പറഞ്ഞിരുന്നു.

മാധ്യമങ്ങളിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ഉസ്മാൻ ഘാനി ശ്രമിച്ചതായി ബിജെപി സംസ്ഥാന അച്ചടക്ക സമിതി ചെയർമാൻ ഓങ്കാർ സിംഗ് ലഖാവത് പറഞ്ഞു.

More Stories from this section

family-dental
witywide