പൊലീസ് സ്റ്റേഷനുള്ളിൽവെച്ച് ശിവസേന നേതാവിനെ വെടിവെച്ച ബിജെപി എംഎൽഎ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിൽ ശിവസേന നേതാവിനു നേരെ വെടിയുതിർത്ത ബിജെപി എംഎൽഎ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദ് ശിവസേന നേതാവ് മഹേഷ് ഗെയ്‌ക്‌വാദിനെ വെടിവെച്ചത്.

ദീർഘകാലമായി നിലനില് ക്കുന്ന ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടെയാണ് ആക്രമണം നടന്നത്. ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ ക്യാബിനിൽ വച്ചാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. രണ്ടു രാഷ്ട്രീയ നേതാക്കളും അവരുടെ അനുയായികളും ഈ സമയം ക്യാബിനിൽ ഉണ്ടായിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ പ്രതിയായ ബിജെപി എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തന്‍റെ മകനെ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മർദിക്കുന്നതിനിടെയാണ് തോക്ക് ഉപയോഗിച്ചതെന്ന് അറസ്റ്റിന് മുമ്പ് ഗൺപത് ഗെയ്‌ക്‌വാദ് പറഞ്ഞു. ചെയ്തതിൽ ഖേദമില്ലെന്നും മഹാരാഷ്ട്രയിൽ കുറ്റവാളികളുടെ രാജ്യം സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായിരുന്നാൽ മഹാരാഷ്ട്രയിൽ ക്രിമിനലുകൾ മാത്രമേ ജനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

മഹേഷ് ഗെയ്‌ക്‌വാദിനെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും അവിടെനിന്ന് താനെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശിവസേനയുടെ അറിയിച്ചു.