രാഹുൽ ഗാന്ധിയുടെ നാവ് ചുടണമെന്ന പരാമർശം; ബിജെപി എംപിക്കെതിരെ കേസെടുത്തു

മുംബൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവ് ചുടണമെന്ന വിവാദ പരാമർശം നടത്തിയ ബിജെപി രാജ്യസഭ എംപിക്കെതിരെ കേസെടുത്തു. കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് അനിൽ ബോണ്ടെക്കെതിരെ അമരാവതിയിലെ രാജപേട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംവരണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശം അപകടകരമാണെന്നും ഭൂരിപക്ഷ സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും രാഹുലിന്‍റെ നാവ് ചുടണമെന്നും ബോണ്ടെ പറഞ്ഞിരുന്നു. വിവാദ പരാമർശത്തിൽ എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് അമരാവതി എംപി ബൽവന്ത് വാംഖണ്ഡെ, എംഎൽഎ യശോമതി ഠാക്കൂർ, മുൻ മന്ത്രി സുനിൽ ദേശ്മുഖ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

നേരത്തെ, രാഹുലിന്‍റെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്ക്‌വാദ് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതും വൻ വിവാദമായിരുന്നു.

“രാഹുലിന്‍റെ നാവ് അരിയണമെന്ന പരാമർശം ശരിയല്ല. എന്നാൽ സംവരണത്തിനെതിരെ രാഹുൽ പറഞ്ഞത് അപകടകരമാണ്. വിദേശരാജ്യത്ത് പോയി ആരെങ്കിലും അബദ്ധം പറഞ്ഞാൽ, അദ്ദേഹത്തിന്‍റെ നാവ് അരിയുന്നതിനു പകരം, ചുടുകയാണ് വേണ്ടത്. അത് രാഹുൽ ഗാന്ധിയോ, ജ്ഞാനേഷ് മഹാറാവുവോ, ശ്യാം മാനവോ, ഭൂരിപക്ഷങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ആരുമാകട്ടെ, അവരുടെ നാവ് ചുടുകയാണ് വേണ്ടത്,” രാഹുലിനെതിരെ ശിവസേന എം.എൽ.എ നടത്തിയ പരാമർശത്തോട് പ്രതികരിക്കവെ ബോണ്ടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide