ന്യൂഡൽഹി: ഒഡീഷയിൽ നിന്നുള്ള ബിജെപിയുടെ മുതിർന്ന നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്സഭയുടെ പ്രോടേം സ്പീക്കറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് നിയമന ഉത്തരവിറക്കിയത്. പാർലമെൻ്റിലെ മുതിർന്ന അംഗത്തിനാണ് പരമ്പരാഗതമായി പ്രോടേം സ്പീക്കർ പദവി ലഭിക്കുക. അദ്ദേഹം പിന്നീട് മന്ത്രിസഭാംഗങ്ങൾക്കും മറ്റ് എംപിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. എട്ട് തവണ എംപിയായ കോൺഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷാണ് നിലവിൽ ലോക്‌സഭയിലെ മുതിർന്ന അംഗം. അദ്ദേഹത്തെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ തീരുമാനം.
ഈ മാസം 26 നാണ് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്. പതിനെട്ടാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഭർതൃഹരി മഹ്താബ് മേല്‍നോട്ടം വഹിക്കും. ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മഹ്താബ് ഏഴാം തവണയാണ് എംപിയാകുന്നത്. ഒഡീഷയിലെ കട്ടക്കിൽ നിന്നുള്ള എംപിയാണ്..
1998 മുതൽ ആറ് തവണ ബിജെഡി ടിക്കറ്റിൽ വിജയിച്ച മഹ്താബ്, പാർട്ടിയുടെ സമീപകാല പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം പാർട്ടി മാറിയത്.