തിരുവനന്തപുരം: ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭന്‍. ഉത്തരേന്ത്യയിലെപ്പോലെ കേരളരാഷ്ട്രീയത്തില്‍ ഊരുമൂപ്പന്‍മാരില്ലെന്നും മറ്റുപാര്‍ട്ടികളില്‍നിന്ന് ഒരു നേതാവ് ബിജെപിയിലേക്കു വന്നാല്‍ വീട്ടുകാര്‍ എന്നല്ല അവരുടെ നിഴല്‍ പോലും കൂടെ വരുന്നില്ലെന്ന യാഥാര്‍ഥ്യം ദേശീയ നേതൃത്വം തിരിച്ചറിയണമെന്നും സി.കെ.പത്മനാഭന്‍ വ്യക്തമാക്കി. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപിയെ വിമര്‍ശിച്ച് പത്മനാഭന്‍ എത്തിയത്.
പത്മജ വേണുഗോപാലിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാസര്‍കോട് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വന്‍ഷനില്‍ ഉദ്ഘാടകയാക്കിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കവെയാണ് പത്മനാഭന്‍ ബിജെപിയെ വിമര്‍ശിച്ചത്. കാസര്‍കോട് നടന്ന പ്രചരണ പരിപാടിയില്‍ താനായിരുന്നു ഉദ്ഘാടകനെന്നും എന്നാല്‍ പിന്നീടാണ് പത്മജയാണ് ഉദ്ഘാടകയെന്നറിഞ്ഞതെന്നും നിലവിളക്ക് കൊളുത്തിയപ്പൊ എഴുന്നേല്‍ക്കാതിരുന്നത് പ്രതിഷേധമായി കാണേണ്ടെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ചിലര്‍ മറ്റ് പാര്‍ട്ടികളില്‍ ഇരുന്ന് എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും അനുഭവിച്ചതിനുശേഷം ഇനി അവിടുന്ന് ഒന്നും കിട്ടാനില്ലെന്ന് മനസിലാക്കി പാര്‍ട്ടിവിട്ടുവരികയാണെന്നും അവര്‍ക്ക് കാര്യങ്ങള്‍ നേടിയെടുക്കാന്‍ അസാധ്യ കഴിവുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
മറ്റ് പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് എത്തുന്നവര്‍ക്ക് അധിക പരിഗണന നല്‍കുന്നതില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ഉത്തരേന്ത്യയിലെ രീതിയില്‍ വലിയ പദവികള്‍ നല്‍കിയാവരുത് കേരളത്തില്‍ നേതാക്കളെ കൊണ്ടുവരേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
BJP National Council member and former state president CK Padmanabhan criticized bjp