‘മന്‍മോഹന്‍ സിംഗിനെ ഡമ്മി പ്രധാനമന്ത്രിയാക്കി തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് സര്‍ക്കാര്‍ നയിച്ച സോണിയ ഗാന്ധി മോഡല്‍’; കെജ്രിവാളിന്റെ രാജിയില്‍ പ്രതികരിച്ച് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സ്ഥാനമൊഴിയാനുള്ള പ്രഖ്യാപനം ‘പിആര്‍ സ്റ്റണ്ട്’എന്ന്‌ ബിജെപി. ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായ മങ്ങിയെന്നും സത്യസന്ധനായ നേതാവല്ലെന്ന് കെജ്രിവാളിന് മനസ്സിലായെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചു. ‘മന്‍മോഹന്‍ സിംഗിനെ ഡമ്മി പ്രധാനമന്ത്രിയാക്കി തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് സര്‍ക്കാര്‍ നയിച്ച സോണിയ ഗാന്ധി മോഡല്‍’ പ്രയോഗിക്കാനാണ് കെജ്രിവാളിന്റെയും നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഇത് അരവിന്ദ് കെജ്രിവാളിന്റെ പിആര്‍ സ്റ്റണ്ടാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായ സത്യസന്ധനായ നേതാവല്ലെന്നും അഴിമതിക്കാരനായ നേതാവാണെന്നും അദ്ദേഹം മനസ്സിലാക്കി, ഇന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) അഴിമതി നിറഞ്ഞ പാര്‍ട്ടിയായി രാജ്യമെമ്പാടും അറിയപ്പെടുന്നു”വെന്നും ഭണ്ഡാരി കുറ്റപ്പെടുത്തി.

മന്‍മോഹന്‍ സിംഗിനെ ഡമ്മി പ്രധാനമന്ത്രിയാക്കി തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് സര്‍ക്കാര്‍ നയിച്ച സോണിയ ഗാന്ധി മോഡല്‍ പ്രയോഗിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെടുന്നുവെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അവരുടെ പേരില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും അതിനാല്‍ മറ്റൊരാളെ ബലിയാടാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, സുപ്രിംകോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ കണക്കിലെടുത്ത് കെജ്രിവാളിന് രാജിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ബിജെപി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സയും പ്രതികരിച്ചു.