വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ അമേരിക്കയിൽ മോദിക്കെതിരായ പ്രതിഷേധ പോസ്റ്ററുകൾ. മോദിക്കെതിരെ അമേരിക്കയിൽ വിദ്വേഷ പോസ്റ്ററുകൾ പ്രചരിച്ചതിന് പിന്നിൽ കോൺഗ്രസ് മുൻ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയാണെന്ന വിമർശനവുമായി ബി ജെ പിയും രംഗത്തെത്തി. രാഹുലിനെതിരെ രൂക്ഷമായ വിമർശനമാണ് ബി ജെ പി നേതാക്കൾ നടത്തിയത്. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വിദേശ സ്ഥാപനങ്ങളുമായി രാഹുൽ ഗാന്ധി ഒത്തുചേരുകയാണെന്ന് ബിജെപി എംപി സുധാൻഷു ത്രിവേദി ആരോപിച്ചു.
രാഹുൽ ഗാന്ധിയെ അമേരിക്കയിലെത്തിച്ച അതേ സംഘമാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഈ വിദ്വേഷ പ്രചരണത്തിനും പോസ്റ്ററുകൾക്കും പിന്നിലെന്നാണ് ത്രിവേദി ആരോപിച്ചത്. ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യയും രാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘മോദി, ന്യൂയോർക്കിൽ നിങ്ങൾക്ക് സ്വാഗതം ഇല്ല’, ‘ഒരു ദശാബ്ദക്കാലത്തെ അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു’ എന്നതടക്കമുള്ള പോസ്റ്ററുകൾ അമേരിക്കയിൽ പ്രചരിപ്പിക്കുന്നത് രാഹുലിനോടടുത്തവരാണെന്നാണ് മാളവ്യ പറഞ്ഞത്.
മോദിയുടെ യുഎസ് സന്ദർശനത്തോടനുബന്ധിച്ച് ലോംഗ് ഐലൻഡിലെ നസാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ സെപ്റ്റംബർ 22 ഞായറാഴ്ച പ്രതിഷേധ പ്രകടനം ആസൂത്രണം ചെയ്തിരിക്കുന്നത് ഇത്തരക്കാരാണെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതിന് പിന്നിലെന്നും ബി ജെ പി നേതാക്കൾ ആരോപിച്ചു.