പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തുടങ്ങിയ ബി ജെ പിയുടെ പൊട്ടിത്തെറി തുടരുന്നു. പാർട്ടി നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്ന് വയനാട് ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു രാജിവച്ചു. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് ആരോപിച്ചുകൊണ്ടാണ് മധു രാജിവച്ചത്. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു പറഞ്ഞു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.
അതിനിടെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി ചേർന്ന ബിജെപി സംഘടനാ യോഗത്തില്‍ മുതിർന്ന നേതാക്കളിൽ ചിലർ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമായി. മുതിർന്ന നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എന്‍ രാധാകൃഷ്ണൻ എന്നിവരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്തത്. സംഘടനാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാല്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഇന്നത്തെ യോഗത്തിൽ 14 പേർ വന്നില്ലെന്നും എല്ലാ യോഗത്തിലും 100 ശതമാനം ആളുകൾ എത്തില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. എം ടി രമേശിനും കൃഷ്ണദാസിനും എ എൻ രാധാകൃഷ്ണനും ഒരു പ്രത്യേക ഗ്രൂപ്പമില്ലെന്നും അവർക്ക് ആകെയുള്ളത് ബിജെപി എന്ന ഗ്രൂപ്പാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം പഠിക്കാൻ ബി ജെ പി തീരുമാനിച്ചു. പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്റ്മാർ പരാജയ കാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം 7, 8 തീയതികളിൽ ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യാനാണ് തീരുമാനം. ഈ യോഗത്തിൽ കേന്ദ്ര പ്രഭാരി പ്രകാശ് ജാവദേക്കറടക്കം പങ്കെടുക്കും.