2024 ൽ ഇന്ത്യ ആര് ഭരിക്കും, കണക്കുകൾ നിരത്തി അമേരിക്കൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഇയാൻ ബ്രെമ്മറിന്‍റെ പ്രവചനം

ന്യൂയോർക്ക്: അടുത്ത അഞ്ച് വർഷത്തേക്ക് ഇന്ത്യ ആര് ഭരിക്കണമെന്നതിൽ ജനവിധി പുരോഗമിക്കുകയാണ്. അഞ്ച് ഘട്ടങ്ങൾ പിന്നിട്ട വോട്ടെടുപ്പ് ആറാം ഘട്ടത്തിലെത്തി നിൽക്കുകയാണ്. നാളെയാണ് ഇന്ത്യൻ ജനത ആറാം ഘട്ട ജനവിധി കുറിക്കുക. വാശിയേറിയ പോരാട്ടത്തിലൂടെ രാജ്യ ഭരണം പിടിച്ചെടുക്കാൻ എൻ ഡി എയും ഇന്ത്യ സഖ്യവും പരിശ്രമിക്കുകയാണ്. അതിനിടയിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞരും തങ്ങളുടെ പ്രവചനവുമായി രംഗത്തുണ്ട്. ഇന്ത്യയിലെ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ അടക്കം പലരും ബി ജെ പി സർക്കാ‍ർ തുടരുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. അതിനിടയിലാണ് അമേരിക്കയിലെ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ ഇയാന്‍ ബ്രെമ്മറും പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്.

2024 ൽ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ബ്രെമ്മറുടെ പ്രവചനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 315 സീറ്റുകള്‍ വരെ നേടിക്കൊണ്ട് അധികാരം നിലനിർത്തുമെന്നാണ് അദ്ദേഹം പറയുന്നത്. 295 മുതല്‍ 315 സീറ്റുകള്‍ വരെ ബി ജെ പി നേടുമെന്നാണ് ഇയാന്‍ ബ്രെമ്മര്‍ എൻ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടികാട്ടിയത്. യൂറേഷ്യയെന്ന റിസേര്‍ച്ച് കണ്‍സള്‍ട്ടിങ്ങ് സ്ഥാപനത്തിന്റെ സ്ഥാപകനായ ബ്രെമ്മര്‍, യൂറോഷ്യയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം നടത്തുന്നതെന്നും വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മോദി സർക്കാരിന്‍റെ കാലത്ത് ഇന്ത്യയിൽ അടിസ്ഥാനപരമായ മാറ്റമുണ്ടായെന്നും ഇത് ബി ജെ പിക്ക് ഗുണം ചെയ്തെന്നുമാണ് അദ്ദേഹം പറയുന്നത്. പ്രതിപക്ഷത്തിന് ബി ജെ പി ഭരണത്തിന് കാര്യമായ വെല്ലുവിളി ഉയർത്താൻ പല മേഖലകളിലും സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.