ചണ്ഡിഗഡ്: ചണ്ഡീഗഡില്‍ നടന്ന സീനിയര്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുല്‍ജീത് സന്ധു വിജയിച്ചു. ബിജെപിക്ക് 19 വോട്ടും എഎപിക്ക് 16 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മണിക്കാണ് ആരംഭിച്ചത്.
വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയിലെ ഒരു കൗണ്‍സിലറെ മേയര്‍ വിളിച്ചത് ബിജെപി കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിന് കാരണമായി. അതേസമയം, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള ഫലം ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
35 അംഗ ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹൗസില്‍ ഒരു പാര്‍ട്ടിക്ക് വിജയിക്കാന്‍ വേണ്ടത് 19 വോട്ടുകളാണ്. ഹൈക്കോടതി ഉത്തരവിന് ശേഷം മേയര്‍ കുല്‍ദീപ് കുമാറിന്റെ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ഈ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടത്താനിരുന്നെങ്കിലും പ്രിസൈഡിംഗ് ഓഫീസര്‍ മേയര്‍ കുല്‍ദീപ് കുമാര്‍ എത്താത്തതിനാലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനാലും തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.