ന്യൂഡല്‍ഹി: ഹരിയാനയില്‍ ഹാട്രിക് നേട്ടത്തോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്ജ്വല വിജയം. 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച്, എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലും കാറ്റില്‍പറത്തിയാണ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ തവണ 40 സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റിനുമപ്പുറം 50 സീറ്റിലാണ് ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ലീഡ് ചെയ്യുന്നത്.
അനുകൂല സാഹചര്യം ഏറെയുണ്ടായിട്ടും അതൊന്നും വോട്ടാക്കി മാറ്റാന്‍ കഴിയാത്ത കോൺഗ്രസ് വീണ്ടും പ്രതിപക്ഷത്ത് ഇരിക്കും. സര്‍ക്കാരിനെതിരെ വന്‍ ജനരോഷമുണ്ടെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലുകള്‍ പിഴച്ചു. മുതിര്‍ന്ന നേതാവായ ഭുപീന്ദര്‍ സിങ് ഹൂഡയുടെ അപ്രമാദിത്വത്തിന് കൈകൊടുത്ത ഹൈക്കമാന്‍ഡിനും കൈപൊള്ളി. ദളിത് നേതാവായ ഷെല്‍ജ കുമാരിയുടെ അപ്രീതിയും തിരിച്ചടിച്ചു. വോട്ടെടുപ്പിന്റെ തലേന്ന് ബിജെപിയില്‍ നിന്ന് ദളിത് നേതാവായ അശോക് തന്‍വറെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസില്‍ എത്തിച്ചെങ്കിലും ദളിത് വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കഴിഞ്ഞില്ല.
2014 വരെ ഐ.എന്‍.എല്‍.ഡിയുടെ ബി ടീമായി നാല് സീറ്റില്‍ നിന്ന് ബിജെപി മോദി തരംഗത്തില്‍ അധികാരം പിടിച്ചത് 47 സീറ്റുമായിട്ടാണ്. കഴിഞ്ഞ തവണ ജെജെപിയുടെ പിന്തുണ വേണ്ടിവന്നെങ്കിലും അധികാരം നിലനിര്‍ത്തി.
മനോഹർലാലർ ഘട്ടാറിനെ മാറ്റി നയാബ് സിങ് സെയ്‌നിയിലൂടെ ബിജെപി ലക്ഷ്യമിട്ടത് ഒ.ബി.സി വോട്ടുകളുടെ ഏകീകരണമാണ്. ജാട്ട് കോട്ടകള്‍ ഒഴിച്ചുള്ള മേഖലയില്‍ ബിജെപിക്ക് പിന്നാക്ക വോട്ടുകള്‍ ഏകീകരിക്കാനായി, ഒറ്റയ്ക്ക് നിന്ന് വിജയിക്കാമെന്ന അമിത ആത്മവിശ്വാസവും കോണ്‍ഗ്രസിന് വിനയായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ട് മികച്ച നേട്ടം കൈവരിച്ച കോണ്‍ഗ്രസ് ഇത്തവണ അവരെ ഒപ്പം കൂട്ടിയില്ല. ഒപ്പം ഐഎന്‍എല്‍ഡി-ബിഎസ്പി സഖ്യം ലോക്സഭയില്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്ന ജാട്ട്-ദളിത് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് കോണ്‍ഗ്രസിന് അഞ്ച് സീറ്റ് ലഭിക്കാനിടയായതില്‍ ജാട്ട്-ദളിത് വോട്ടുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. കര്‍ഷക-ഗുസ്തി സമരങ്ങളും ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടതും ഹരിയാനയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഇന്ത്യ സഖ്യത്തിന് വേരോട്ടമുണ്ടാക്കിയിരുന്നു.
ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടിക്ക് പ്രത്യേക നേട്ടമൊന്നും 2019-ല്‍ എഎപി സംസ്ഥാനത്ത് മത്സരിച്ചിരുന്നെങ്കിലും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വോട്ട് നേടാനായത്. ഇത്തവണ അത് രണ്ട് ശതമാനത്തിനടുത്തേക്ക് തങ്ങളുടെ വോട്ട് വിഹിതം എഎപി ഉയര്‍ത്തിയിട്ടുണ്ട്.
ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം അരവിന്ദ് കെജ്രിവാള്‍ എഎപിക്കായി ഹരിയാനയില്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. ജാട്ട് നേതാക്കളായ ചൗട്ടാല കുടുംബത്തിന്റെ പാര്‍ട്ടിയായ ഐഎന്‍എല്‍ഡിയും ദളിത് പ്രാമുഖ്യമുള്ള ബിഎസ്പിയും ഒന്നിച്ചതും അധികാരം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ മോഹത്തിന് തിരിച്ചടിയായി. അഭയ്സിങ് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ഐഎന്‍എല്‍ഡിയും ബിഎസ്പിയും ചേര്‍ന്ന് ആറ് ശതമാനത്തിലധികം വോട്ടുകള്‍ പിടിച്ചിട്ടുണ്ട്.
BJP Won Haryana third time consecutively