ന്യൂഡല്‍ഹി: ഏപ്രിൽ മാസത്തിൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഒഡീഷ, ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ പതിനൊന്ന് മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പാര്‍ട്ടി വിട്ടെത്തിയവര്‍ക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കുന്നതാണ് സ്ഥാനാർത്ഥി പട്ടിക.
പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നിന്നുള്ള മുൻ ഐപിഎസ് ഓഫീസർ ദേബാശിഷ് ധറും പഞ്ചാബിലെ പട്യാലയിൽ നിന്നുള്ള പ്രണീത് കൗറും ഉൾപ്പെടെ 11 സ്ഥാനാർത്ഥികളുടെ പേരുകളാണ് പട്ടികയിലുള്ളത്.
2010 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ദേബാശിഷ് ധർ രാഷ്ട്രീയത്തിൽ ചേരുന്നതിനായി മാർച്ച് 20 ന് സർവീസിൽ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലും ജീവിതത്തിലെ സാമൂഹിക ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് രാജിവെക്കുന്നതെന്നായിരുന്നു വിശദീകരണം.
പശ്ചിമ ബംഗാളിൽ നിന്ന് രണ്ട്, ഒഡീഷയിൽ നിന്ന് മൂന്ന്, പഞ്ചാബിൽ നിന്ന് ആറ് സ്ഥാനാർത്ഥികളെയാണ് ബിജെപി ഞായറാഴ്ച പ്രഖ്യാപിച്ചത്. 411 സീറ്റുകളിലേക്കാണ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ഡയമണ്ട് ഹാർബർ, അസൻസോൾ സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ നൽകിയിട്ടില്ല. ഇത്തവണ പാർട്ടി നടൻ സണ്ണി ഡിയോളിനെ മാറ്റി ദിനേശ് സിംഗ് ബാബുവിന് ഗുരുദാസ്പൂർ ടിക്കറ്റ് നൽകി.