ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ വ്യാഴാഴ്ച രാവിലെ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. ബിജെപിയുടെ ഒബിസി വിഭാഗം ജില്ലാ സെക്രട്ടറിയും വാഹന ധനസഹായത്തിൽ പങ്കാളിയുമായ ശക്തിവേൽ(35) സാംഗു നഗറിലെ ഗോഡൗണിലേക്ക് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.
ശക്തിവേൽ വല്ലനാഥപുരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ക്രൂരമായ ആക്രമണം നടന്നത്. ദൃക്‌സാക്ഷികളുടെ വിവരണമനുസരിച്ച്, ഒരു സംഘം അക്രമികൾ അദ്ദേഹത്തെ പതിയിരുന്ന് പിന്തുടരുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. അണ്ണാനഗർ പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
വാഹനവായ്പയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ ശക്തിവേൽ നടത്തിയിരുന്നു. വാഹനവിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.