ന്യൂഡല്‍ഹി: നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയായതോടെ രാജ്യസഭയില്‍ എന്‍ഡിഎയുടെ അംഗസംഖ്യ കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷകല്‍, സൊനാല്‍ മാന്‍സിങ്, മഹേഷ് ജേഠ്മലാനി എന്നിവരുടെ കാലാവധിയാണ് ശനിയാഴ്ച പൂര്‍ത്തിയായത്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 90-ൽ താഴെയായി കുറയുന്നത്.
ജൂലായ് 13-നാണ് നാല് എംപിമാരുടെയും കാലാവധി അവസാനിച്ചത്. ഇതോടെ പാർട്ടിയുടെ അംഗബലം 86 ലേക്ക് കൂപ്പുക്കുത്തി. ഇതോടെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ സീറ്റെണ്ണം 101 ആയി ചുരുങ്ങി. 245 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റാണ്. അതായത് 4 പേര്‍ കാലാവധി പൂര്‍ത്തിയായതോടെ പാർട്ടി, ഭൂരിപക്ഷത്തിന് 12 സീറ്റ് പിന്നിലാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച രാജ്യസഭാ അംഗങ്ങളായിരുന്ന ബിജെപി നേതാക്കൾ കൂട്ടത്തോടെ തോറ്റുപോയതാണ് ബിജെപിക്ക് തിരിച്ചടിയായത്. മലയാളികളായ കെ. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ തോറ്റുപോയ രാജ്യസഭാ അംഗങ്ങളായ മന്ത്രിമാരായിരുന്നു.
നിലവില്‍ രാജ്യസഭയില്‍ 225 സീറ്റുകളാണ് ഉള്ളത്. അതേസമയം ഇന്ത്യ സഖ്യത്തിന് 87 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. കോണ്‍ഗ്രസിന് മാത്രമായി 26 സീറ്റുകളാണ് ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് പതിമൂന്ന് സീറ്റും, ആംആദ്മി പാര്‍ട്ടിയും ഡിഎംകെയ്ക്കും പത്ത് സീറ്റുകള്‍ വീതവുമാണ് ഉള്ളത്. ബിജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യമില്ലാത്തവര്‍ക്കാണ് ബാക്കിയുള്ള സീറ്റുകള്‍.
അതേസമയം, രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതോടെ നിലവിലെ നഷ്ടം നികത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി. കേവലഭൂരിപക്ഷമില്ലെങ്കിലും രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാനുള്ള സാധ്യത ബിജെപിക്ക് മുന്നില്‍ ഇനിയുമുണ്ട്.