ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത ആക്ഷേപവുമായി ബിജെപി വക്താവും എംപിയുമായ സംബിത് പത്ര. രാഹുല്‍ വലിയ ഒറ്റുകാരനാണെന്നും രാജ്യ വിരുദ്ധ നീക്കങ്ങള്‍ പുലര്‍ത്തുന്ന വ്യക്തികളുമായി ബന്ധമുള്ളയാളാണെന്നുമാണ് ആരോപണം. പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹി എന്ന് വിളിക്കാന്‍ തനിക്ക് മടിയില്ലെന്നും സംബിത് പത്ര പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ അപമാനകരമായ ഭാഷ ഉപയോഗിച്ചതിന് ബിജെപി എംപിമാരായ നിഷികാന്ത് ദുബെയ്ക്കും സംബിത് പത്രയ്ക്കുമെതിരെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് ഒട്ടും സ്വീകാര്യമല്ല. ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലെന്നും തങ്ങള്‍ ആകെ വേദനിച്ചുവെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. അദാനിയുടെ അഴിമതിക്കെതിരെ രാഹുല്‍ ഗാന്ധി നിലയുറപ്പിച്ച ദിവസം മുതല്‍ അദാനിയുടെ ഏജന്റുമാര്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കാന്‍ തുടങ്ങിയെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സ്പീക്കര്‍ ബിര്‍ളയെ കണ്ടതായി കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.