
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഫാക്ടറിക്കകത്ത് ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണ സംഖ്യ വർധിക്കാമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനസമയത്ത് 50 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ സ്ഫോടനത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. എസ്.ബി. ഓര്‍ഗാനിക്സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.
മരിച്ചവരിൽ ഒരാൾ ഫാക്ടറി മാനേജരാണെന്ന് കരുതുന്നു. അടുത്തതായി കെട്ടിടത്തിലെ മറ്റൊരു റിയാക്ടർ പൊട്ടിത്തെറിക്കുമെന്ന ആശങ്കയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അധികൃതർ ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.