ഡാലസ്: സംവിധായകൻ ബ്ലെസിയെ തിരുവല്ല അസോസിയേഷൻ ഓഫ് ഡാലസ് ആദരിച്ചു. കരോൾട്ടൻ സായ് ഭവൻ റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ പ്രസിഡന്‍റ് സോണി ജേക്കബിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ബ്ലെസിയെ ആദരിച്ചത്.
സമ്മേളനത്തിൽ തിരുവല്ല അസോസിയേഷനെയും, വിവിധ സംഘടനകളെയും പ്രതിനിധികരിച്ച് കെ.വി ജോസഫ്, സുനിൽ വർഗീസ്, ജോൺ വർഗീസ്, വർഗീസ് ചാമത്തിൽ, എബി ഏബ്രഹാം, ഷിജു ഏബ്രഹാം, ജോസൻ ജോർജ്, ഷാജി രാമപുരം എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ഭാരവാഹികൾ പൊന്നാട അണിയിച്ചും, പ്ലാക്ക് നൽകിയും ബ്ലെസിയെ ഡാലസിലെ തിരുവല്ലാ നിവാസികളുടെ ആദരവ് അറിയിച്ചു.
എം. ജി സോമൻ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ ബ്ലെസി മറുപടി പ്രസംഗത്തിൽ തിരുവല്ലയുടെ വിവിധങ്ങളായ വികസന പദ്ധതികളിൽ തിരുവല്ല അസോസിയേഷൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു വർഗീസ് സ്വാഗതവും മാത്യു സാമുവേൽ നന്ദിയും അറിയിച്ചു.