ന്യൂഡൽഹി: പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്കും ഒരു ചണ്ഡീഗഡ് പാർലമെൻ്റ് സീറ്റിലേക്കും വരുന്ന 10-15 ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 14 സീറ്റുകളിലും ആം ആദ്മി പാർട്ടി തന്നെ മത്സരിക്കും എന്ന കെജ്രിവാളിന്റെ പ്രഖ്യാപനം ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയാണ്.
പഞ്ചാബ് ഗവൺമെൻ്റിൻ്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള റേഷൻ “ഡോർസ്റ്റെപ്പ് ഡെലിവറി”ക്കായി ലുധിയാനയിലെ ഖന്നയിൽ സംഘടിപ്പിച്ച ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്.
“രണ്ടു വർഷം മുമ്പ്, നിങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചു. നിമയസഭ തിരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റും നിങ്ങൾ ഞങ്ങൾക്ക് നൽകി, നിങ്ങൾ പഞ്ചാബിൽ ചരിത്രം സൃഷ്ടിച്ചു. ഒരിക്കൽ കൂടി അനുഗ്രഹം ചോദിച്ച് കൂപ്പുകൈകളോടെ ഞാൻ നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു. രണ്ട് മാസത്തിനകം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ 13 സീറ്റുകളും ചണ്ഡീഗഢിൽ നിന്ന് ഒരു സീറ്റും – ആകെ 14 സീറ്റുകൾ. അടുത്ത 10-15 ദിവസങ്ങൾക്കുള്ളിൽ ഈ 14 സീറ്റുകളിലും എഎപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. വമ്പിച്ച ഭൂരിഭക്ഷത്തോടെ 14 സീറ്റുകളും തൂത്തുവാരാൻ നിങ്ങൾ എഎപിയെ സഹായിക്കണം,” അദ്ദേഹം പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പഞ്ചാബിൽ ഒരുപാട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചുവെന്ന് കെജ്രിവാൾ പ്രശംസിച്ചു.