സൂറിച്ച്: ഫുട്ബോളിൽ ഇതുവരെയുള്ളത് മഞ്ഞയും ചുവപ്പും കാർഡുകൾ മാത്രമാണ്. എന്നാൽ അധികം വൈകാതെ നീല കാർഡ് കൂടി എത്തിയേക്കാനാണ് സാധ്യത. നീല കാർഡിന് അംഗീകാരം നൽകാനുള്ള തീരുമാനത്തിലാണ് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ എന്നാണ് സൂചന. അവതരിപ്പിക്കുന്നതിന് മുന്നോടിയായി അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് നീല കാർഡ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നീലയുടെ നിയമം എന്താകും
മഞ്ഞ, ചുവപ്പ് നിറത്തിലുള്ള കാർഡുകളുടെ നിയമം സംബന്ധിച്ച് കാൽപന്ത് ആരാധകർക്കെല്ലാം അറിവുണ്ടാകും. മത്സരം തന്നെ മാറ്റിമാറിക്കാൻ ഈ കാർഡുകൾക്കാകുമെന്നാണ് പ്രധാനകാര്യം. കളത്തിലെ മോശം പെരുമാറ്റത്തിനുള്ള ശിക്ഷയായാണ് താരങ്ങൾക്കും ഒഫിഷ്യൽസിനുമെതിരെ റഫറിമാർ കാർഡുകൾ പുറത്തെടുക്കാറുള്ളത്. പുതിയ നീല കാര്‍ഡിന്‍റെ വരവോടെ വിപ്ലവകരമായ മാറ്റത്തിനാകും ഫുട്ബാൾ ലോകം സാക്ഷ്യം വഹിക്കുക. മത്സരത്തിൽ അനാവശ്യമായി ഫൗളുകൾ വരുത്തുകയും മാച്ച് ഓഫീഷ്യൽസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന കളിക്കാർക്കാണ് നീല കാർഡ് ലഭിക്കുക. ഈ കാർഡ് ലഭിച്ചാൽ 10 മിനിറ്റ് കളത്തിൽ നിന്നും മാറി നിൽക്കണം. ഒരു മത്സരത്തിൽ രണ്ട് നീല കാർഡുകൾ ലഭിക്കുന്ന കളിക്കാരനെ ചുവപ്പിന് തുല്യമായി കണക്കാക്കി പുറത്തിരുത്താമെന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഒരു നീലയും ഒരു മഞ്ഞകാർഡും ലഭിച്ചാലും ചുവപ്പ് കാർഡിന്‍റെ ഫലം ചെയ്യും. ഗോളിലേക്കുള്ള മുന്നേറ്റം തടയാൻ നടത്തുന്ന ഫൗളുകൾക്കാകും പ്രധാനമായും നീല കാർഡ് ലഭിക്കുകയെന്നാണ് സൂചനകൾ.
നിലവിൽ പരീക്ഷണാടിസ്ഥാത്തിൽ മാത്രമാകും നീല കാർഡ് ഉപയോഗിക്കുക. വരുന്ന സമ്മർ സീസണിൽ പരീക്ഷണം ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഇഫാബ് സൂചന നൽകിയിട്ടുണ്ട്. എന്നാൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ നീല കാർഡ് ഉടനെത്തില്ല. എഫ് എ കപ്പിൽ നീലകാർഡ് പരീക്ഷണം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. പരീക്ഷണം വിജയകരമാണെങ്കിൽ ഭാവിയിൽ പ്രധാന ലീഗുകളിലും നീല കാർഡ് നടപ്പിലാക്കിയേക്കും.
Blue cards to be introduced for international football