മിനസോട്ടയിൽ കൊടും മഴ തുടരുന്നു. വെള്ളപ്പൊക്കത്തിൽ റാപ്പിഡാൻ അണക്കെട്ടിന് സമീപം നദീതീരത്തെ വീട് ഇടിഞ്ഞ് നദിയിലേക്ക് വീണു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മാൻകാറ്റോയ്ക്ക് സപീമം ബ്ലൂ എർത്ത് നദിയിലേക്ക് വീട് വീഴുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. റാപ്പിഡാൻ അണക്കെട്ടിൻ്റെ പടിഞ്ഞാറൻ ഭാഗത്ത് വെള്ളം നിറഞ്ഞ് നദി അണക്കെട്ടിനു ചുറ്റും ഒഴുകാൻ തുടങ്ങുകയും നദീ തീരം ഇടിയുകയും ചെയ്തു. അങ്ങനെയാണ് നദിക്കരയിലുണ്ടായിരുന്ന വീട് നദിയിലേക്ക് വീണത്. വീട്ടിലുള്ളവർ അപകടത്തിനു മുമ്പേ വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അണക്കെട്ടിനും നാശനഷ്ടങ്ങളുണ്ടായി.
VIDEO 📽️
— FOX SA (@KABBFOX29) June 26, 2024
A massive chunk of a home in Minnesota fell into a river during a storm that hit multiple states across the upper Midwest. Story: https://t.co/vBlJEUZFGk pic.twitter.com/tSdVrw4ag5
“ഇത് വളരെ ഭയാനകവും പ്രയാസകരവുമായ സാഹചര്യമാണ്,” വീടിൻ്റെ ഉടമ ജെന്നി ബാൺസ് പറഞ്ഞു. അവരുടെ കുടുംബ വീടായിരുന്നു അത്. അതിനു സമീപം അവർ ഒരു സ്റ്റോറും നടത്തിയിരുന്നു. എല്ലാമാണ് നഷ്ടമായിരിക്കുന്നത്.
“ഇതു ഞങ്ങളുടെ ജീവിതമായിരുന്നു. ഉപജീവനമായിരുന്നു, ഞങ്ങളുടെ എല്ലാമായിരുന്നു”. ബാൺസ് പറഞ്ഞു. “ഇതൊന്നും തടയാനില്ല. വെള്ളം പോകാൻ ആഗ്രഹിക്കുന്നിടത്തേക്ക് പോകും. അത് എടുക്കാൻ ആഗ്രഹിക്കുന്നത് എടുക്കും” സങ്കടത്തോടെ ബാൺസ് പറഞ്ഞു.
ഒറ്റരാത്രികൊണ്ട് അണക്കെട്ടിന് ചുറ്റും നാടകീയമായ മാറ്റങ്ങളുണ്ടായതായും നദി കൂടുതൽ ആഴത്തിൽ കരയിലേക്ക് കയറി ഒഴുകുകയാണെന്നും നദിക്ക് കുറുകെയുള്ള പാലത്തിൻ്റെ ഉറപ്പിനെ കുറിച്ച് ആശങ്കയുണ്ടെന്നും ബ്ലൂ എർത്ത് കൗണ്ടി അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കം ശമിച്ച ശേഷം, ഡാമിൻ്റെ അറ്റകുറ്റപ്പണികൾ നടത്തണോ അതോ ഡാം പൂർണമായും പൊളിക്കണോ എന്ന് തീരുമാനിക്കുമെന്ന് അവർ അറിയിച്ചു.
തിങ്കളാഴ്ച മുതൽ നദിയിൽ ഒഴുകിയെത്തിയ അവശിഷ്ടങ്ങളിൽ വീടും അതിൻ്റെ വേലിയും മാത്രമല്ല ഒരു വൈദ്യുതി സബ്‌സ്റ്റേഷൻ, പവർ പോസ്റ്റുകൾ, പ്രൊപ്പെയ്ൻ ടാങ്ക്, കളിസ്ഥല ഉപകരണങ്ങൾ, സാറ്റലൈറ്റ് ടോയ്‌ലറ്റ്, സ്റ്റീൽ ഷിപ്പിംഗ് കണ്ടെയ്നർ, ഒട്ടനവധി മരങ്ങൾ എന്നിവയും ഉൾപ്പെടുന്നുവെന്ന് കൗണ്ടി അഡ്മിനിസ്‌ട്രേറ്റർ റോബർട്ട് മേയർ പറഞ്ഞു.
മിനസോട്ട ഗവർണർ ടിം വാൾസുമായി പ്രസിഡൻ്റ് ജോ ബൈഡൻ ഫോണിൽ സംസാരിച്ചു. റാപ്പിഡാൻ അണക്കെട്ടിനുണ്ടായ ആഘാതങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി ഇതിനകം സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.
Blue earth River Claims a home near Minnesota Dam