പുതിയ എം.എല്‍.എമാര്‍ക്ക് നീല ട്രോളി ബാഗ് സമ്മാനിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ വിമര്‍ശനം. ചര്‍ച്ചകള്‍ പല വഴിക്കാണ് നീങ്ങുന്നത്. നീല ട്രോളി ബാഗ് നല്‍കിയത് ബോധപൂര്‍വമാണെന്ന ആരോപണവും ‘അല്ല’ എന്നുള്ള വാദവും ഉയരുന്നുണ്ട്. ട്രോളീ ബാഗ് വിഷയം ഏറ്റുപിടിച്ച് നനഞ്ഞ പടക്കംപോലെയായ എംബി രാജേഷിനുള്ള ഷംസീറിന്റെ ട്രോളാണെന്നും ചിലര്‍ ചര്‍ച്ചയ്ക്ക് എരിവു കൂട്ടി.
തിരഞ്ഞടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, യുആര്‍ പ്രദീപ് എന്നിവര്‍ക്കാണ് സ്പീക്കര്‍ നീല ട്രോളി ബാഗ് സമ്മാനിച്ചത്. ബാഗില്‍ ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയരുകയും അതിവേഗം കെട്ടടങ്ങുകയും ചെയ്ത ഒന്നാണ് നീല ‘ട്രോളി ബാഗിലെ കള്ളപ്പണം കടത്ത്’. തിരഞ്ഞെടുപ്പില്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണ് പണം എത്തിച്ചത് എന്നായിരുന്നു കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന ആരോപണം. ബാഗ് തന്റേതാണെന്നും അതില്‍ വസ്ത്രങ്ങളായിരുന്നുവെന്നും രാഹുല്‍ പിന്നീട് വാര്‍ത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കിയിരുന്നു.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിലാണ് യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്നലെ ഉച്ചയോടെ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മന്തിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് നീല ട്രോളീ ബാഗിന്റെ രംഗ പ്രവേശം.
വിവാദം കൊഴുത്തതോടെ വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ് രംഗത്തെത്തി. എല്ലാ പുതിയ എംഎല്‍എമാര്‍ക്കും ബാഗ് നല്‍കാറുണ്ടെന്നും സ്പീക്കറല്ല നിയമസഭാ സെക്രട്ടേറിയറ്റാണ് ബാഗ് നല്‍കിയതെന്നും ഇത്തവണ ആകസ്മികമായാണ് നീല നിറം ആയതെന്നുമാണ് ആ വിശദീകരണം. എന്തായാലും ഇത് വല്ലാത്തൊരു ആകസ്മികം തന്നെ…!