ബിഎംഡബ്ല്യൂ ഇടിച്ച് ബൈക്ക് യാത്രിക മരിച്ചു; കാറോടിച്ചത്‌ ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ മകൻ

മുംബൈ: വോർളിയിൽ അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാർ ഇടിച്ച് ബൈക്ക് യാത്രിക മരിച്ചു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ(24) ആയിരുന്നു കാർ ഓടിച്ചതെന്നാണ് റിപ്പോർട്ട്. രാജേഷ് ഷായെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകൻ മിഹിർ ഷാ ഒളിവിലാണ്. വാഹനമോടിച്ചിരുന്ന മിഹിർ ഷാ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ശിവസേനയുടെ ഉപനേതാവാണ് രാജേഷ് ഷാ. രാജേഷ് ഷായും അദ്ദേഹത്തിൻ്റെ ഡ്രൈവർ രാജേന്ദ്ര സിംഗ് ബിജാവത്തും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പുതിയ ക്രിമിനൽ കോഡ് ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകം, അശ്രദ്ധമായി വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മോട്ടോർ വെഹിക്കിൾസ് ആക്ടിലെ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മിഹിർ ഷായുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടസമയത്ത് മിഹിറും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ജുഹുവിലെ ഒരു ബാറിൽ വെച്ചാണ് മിഹിർ ഷാ മദ്യപിച്ചതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. വീട്ടിലേക്ക് പോകുമ്പോൾ, ഡ്രൈവറോട് കുറച്ചുകൂടി ദൂരം പോകാൻ മിഹിർ ആവശ്യപ്പെട്ടു. കാർ വോർളിയിൽ എത്തിയപ്പോൾ മിഹിർ താൻ ഓടിക്കുമെന്ന് ശഠിച്ചു. പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളും ദമ്പതിമാരുമായ പ്രദീപ് നഖാവും കാവേരി നഖാവും സാസൂൺ ഡോക്കിൽനിന്ന് മത്സ്യവും വാങ്ങി തിരികെ പോകും വഴി കോലിവാഡയിൽ വെച്ചാണ് ബിഎംഡബ്ല്യൂ ഇവരുടെ വാഹനത്തെ ഇടിച്ചത്. അമിത വേഗത്തിലെത്തിയ കാർ, ബൈക്കിൽ ഇടിച്ചതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഉടൻ തന്നെ പ്രദീപ് നഖാവ് ബൈക്കിൽനിന്ന് ചാടിയിറങ്ങി. എന്നാൽ കൈയിൽ അമിതഭാരം ഉണ്ടായിരുന്നതിനാല്‍ കാവേരിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഉടൻ തന്നെ കാവേരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിഹിർ തൻ്റെ പിതാവിനെ വിളിച്ച് അപകടത്തെക്കുറിച്ച് പറഞ്ഞതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. അന്നുമുതൽ മിഹിറിന്റെ ഫോൺ ഓഫായിരുന്നു. നാല് പോലീസ് സംഘങ്ങളാണ് ഇയാൾക്കായി തിരച്ചിൽ നടത്തുന്നത്.

അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും ആരോപണം ഉയരുന്നുണ്ട്. പ്രതിയെ ശിവസേനയുമായി ബന്ധിപ്പിക്കുന്ന സ്റ്റിക്കർ കാറിൽനിന്ന് പറിച്ചു കളയാൻ ശ്രമിച്ചിട്ടുണ്ട്. കാറിന്റെ നമ്പർ പ്ലേറ്റുകളിൽ ഒന്ന് പറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സിസിടിവി അടക്കം പോലീസ് പരിശോധിക്കുകയായിരുന്നു.

More Stories from this section

family-dental
witywide