പനയമ്പാലം അപകടം; ചേതനയറ്റ് അവർ വീടുകളിൽ എത്തി, കണ്ണീരോടെ വിടചൊല്ലാൻ നാട്…

പാലക്കാട്: കല്ലടിക്കോട്ട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി അപകടത്തിൽ മരിച്ച 4 വിദ്യാർഥിനികളുടെയും മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പുലർച്ചെ തന്നെ ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഒരുമിച്ച് സ്കൂളിൽ കളിച്ചു ചിരിച്ചു സ്കൂളിലേക്ക് പോയ അവർ ചേതനയറ്റ് അവരുടെ വീടുകളിൽ എത്തിയപ്പോൾ നാട്ടുകാരും ബന്ധുക്കളും താങ്ങാനാവാനെ പൊട്ടിക്കരഞ്ഞു. പുലർച്ചെ ഒന്നിനുപിന്നാലെ ഒന്നായി 4 ആംബുലൻസുകൾ നാടിൻ്റെ നെഞ്ചിലൂടെ നോവായി വീടുകളിലേക്ക് എത്തി. ഒരുമിച്ചു കളിച്ചു പഠിച്ച് വളർന്നവർ ഒരുമിച്ച് അനക്കമറ്റ് തിരികെ വന്നിരിക്കുകയാണ്.

അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം- നബീസ ദമ്പതികളിടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്.

രണ്ടു മണിക്കൂർനേരം ഇവിടെ പൊതുദർശനം ഉണ്ടാകും. 8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദർശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങൾ എത്തിക്കും.

അതേസമയം, കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കില്ല. വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങൾ മറവു ചെയ്യുന്നതിന് കൂടുതൽ സമയം വേണമെന്നതിനാലുമാണ് സ്കൂളിലെ പൊതുദർശനം വേണ്ടെന്നുവെച്ചത് എന്നാണ് കുട്ടികളുടെ ബന്ധുക്കൾ അറിയിക്കുന്നത്.

വൈകുന്നേരം നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാര്‍ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നൽകി.

Bodies of 4 girls killed in accident reached their home after postmortem

More Stories from this section

family-dental
witywide