തൃശൂര്‍: കാനഡയില്‍ കൊല്ലപ്പെട്ട മലയാളി യുവതി ഡോണയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് നടക്കും. പതിനെട്ട് ദിവസത്തിന് ശേഷം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഡോണയുടെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചത്.
ചാലക്കുടി സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ലാല്‍ കെ.പൗലോസ്
ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ഡോണയുടെ കുടുംബം ആവശ്യപ്പെടുന്നത്. ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ഭര്‍ത്താവ് കടന്നു കളഞ്ഞതെന്നും ഇയാള്‍ ഇന്ത്യയില്‍ എത്തിയതായും വിവരമുണ്ട്. ഇയാള്‍ രാജ്യത്ത് തുടരുകയോ വ്യാജ പാസ് പോര്‍ട്ടില്‍ നാടുവിടുകയോ ചെയ്യുമെന്നാണ് ഡോണയുടെ ബന്ധുക്കളുടെ സംശയം.
മെയ് ഏഴിന് ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസ് ഡോണയുടെ സഹോദരന് ഡോണയും താനും ആത്മഹത്യ ചെയ്യുകയാണെന്ന് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് കാനഡ പൊലീസുമായി വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് ഡോണയുടെ മൃതശരീരം കണ്ടെത്തുന്നത്. അപ്പോഴേക്കും ഡോണ മരിച്ചിട്ട് ഒരു ദിവസത്തിലേറെ കഴിഞ്ഞിരുന്നു. ചൂതാട്ടത്തില്‍ ഉള്‍പ്പെട്ട് ഡോണയുടെ ഭര്‍ത്താവിന് വലിയ കട ബാധ്യത ഉണ്ടായിരുന്നതായും ഡോണയുമായി വഴക്കിട്ടിരുന്നുവെന്നും വിവരമുണ്ട്. വീണ്ടും ചൂതാട്ടത്തില്‍ലേക്ക് പോകുന്നതും പണം കളയുന്നതും ഡോണ തടഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചെന്നാണ് സംശയം. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഡോണയുടേത് കൊലപാതകമെന്ന് കാനഡ പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാനും ഡോണയുടെ കുടുംബം നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കാനഡയില്‍ നടന്ന കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ലാല്‍ കെ പൗലോസിനെ ഇനിയും കാനഡയിലെ പൊലീസ് സംഘത്തിന് കണ്ടെത്തായിട്ടില്ല.