ന്യൂയോര്‍ക്ക്: നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനർ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ആണ് പരീക്ഷണ ദൗത്യത്തില്‍ ബഹിരാകാശ പേടകം പറത്തുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത എന്ന നേട്ടവും സുനിത വില്യംസ് സ്വന്തമാക്കി. സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ് ഇത്.
ഫ്ളോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സ്-41 ല്‍ നിന്ന് രാത്രി 8:22 നാണ് പേടകം വിക്ഷേപിച്ചത്. മൂന്നാം ശ്രമത്തിലാണ് പേടകത്തിന് ലിഫ്റ്റ് ഓഫ് ലഭിച്ചത്. സ്റ്റാര്‍ലൈനറിന് ശരിയായ ഭ്രമണപഥം ലഭിച്ചിട്ടുണ്ട് ഒരു ദിവസത്തിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും. നിലവില്‍ യുഎസിന് ഒരേസമയം ഭ്രമണപഥത്തില്‍ മൂന്ന് ക്രൂഡ് ബഹിരാകാശ വാഹനങ്ങളുണ്ട്.
ഏകദേശം 10 ദിവസത്തെ ദൗത്യമാണ് സ്റ്റാര്‍ലൈനറിന്റേത്. മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപിച്ചത്. സ്റ്റാര്‍ലൈനര്‍ ഷെഡ്യൂളിലും ബജറ്റിലും വളരെ പിന്നിലാണ്.