സുരക്ഷാ ആശങ്ക ഉയര്‍ത്തി വീണ്ടും ബോയിംഗ് വിമാനം; ടേക്ക് ഓഫിനിടെഎന്‍ജിന്‍ കവര്‍ അടര്‍ന്നുപോയി, അന്വേഷണം

വാഷിംഗ്ടണ്‍: ടേക്ക് ഓഫിനിടെ ബോയിംഗ് 737-800 വിമാനത്തിന്റെ എന്‍ജിന്‍ കവര്‍ അടര്‍ന്നുപോകുകയും സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു. ഞായറാഴ്ച സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനത്തിലാണ് സംഭവമുണ്ടായത്. തുടര്‍ന്ന് പറന്നുയര്‍ന്ന, ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് തന്നെ വിമാനം അടിയന്തര ലാന്‍ഡിംഗും നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

135 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമായി ഹ്യൂസ്റ്റണിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം 10,3000 അടി (3,140 മീറ്റര്‍) വരെ ഉയര്‍ന്നുവെങ്കിലും എഞ്ചിന്‍ കവര്‍ അടര്‍ന്നുനീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തര ലാന്‍ഡിംഗിലേക്ക് കടക്കുകയായിരുന്നു. വിമാനം പുറപ്പെട്ട് 25 മിനിട്ടിനുള്ളിലായിരുന്നു തിരിച്ചിറക്കിയത്. ലാന്‍ഡിംഗിനിടെ അടര്‍ന്നുതുടങ്ങിയ എഞ്ചിന്‍ കവറിന്റെ വലിയൊരു ഭാഗം പുറത്തേക്ക് പറന്നുപോയി. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലടക്കം വൈറലാകുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എഫ്എഎ അറിയിച്ചു.

മെയിന്റനന്‍സ് ടീമുകള്‍ വിമാനം അവലോകനം ചെയ്യുകയാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. എഫ്എഎ രേഖകള്‍ പ്രകാരം 2015 ജൂണിലാണ് വിമാനം സര്‍വീസ് ആരംഭിച്ചത്. വിമാനത്തിന്റെ എഞ്ചിന് അവസാനമായി അറ്റകുറ്റപ്പണി നടത്തിയത് എപ്പോഴാണെന്ന് പറയാന്‍ എയര്‍ലൈന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ട്.

അതേസമയം, ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെയായി വളരെ ചൂടുപിടിച്ചിട്ടുണ്ട്. തുടര്‍ച്ചയായി സുരക്ഷ പരിശോധനകള്‍ നടത്തിയിട്ടും കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ വിമാനക്കമ്പനികളില്‍ ബോയിംഗ് വിമാനങ്ങള്‍ നേരിടുന്ന മെക്കാനിക്കല്‍ പ്രശ്നങ്ങളുടെ ഏറ്റവും പുതിയ സംഭവമാണിത്. ജനുവരി 5 ന് അലാസ്‌ക എയര്‍ലൈന്‍സ് ഫ്‌ലൈറ്റിലെ ഡോര്‍ പ്ലഗ് എന്നറിയപ്പെടുന്ന പാനല്‍ ഇളകിത്തെറിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 2024 ല്‍ മാത്രം ബോയിംഗ് വിമാനങ്ങള്‍ ഉള്‍പ്പെട്ട മറ്റ് 29 തകരാറുകളും അപകടങ്ങളും ഉണ്ടായതായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.