സുനിത വില്യംസിന്‍റെ സ്വപ്ന യാത്രയുടെ മടക്കം, സ്റ്റാർലൈനർ ദൗത്യത്തിൽ വീണ്ടും പ്രതിസന്ധി, പേടകത്തിൽ പ്രശ്നം കണ്ടെത്തി, പരിഹരിക്കാൻ ശ്രമം

ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ചരിത്രം കുറിച്ച സ്റ്റാർലൈന‍ർ ദൗത്യത്തിൽ വീണ്ടും പ്രതിസന്ധികൾ. ബോയിംഗിന്‍റെ സ്റ്റാർ ലൈനറിന്‍റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കിടയിലാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. യാത്രാ പേടകത്തിന്റെ ആർ സി എസ് ത്രസ്റ്ററുകളിലാണ് ഇപ്പോൾ പ്രശ്നം കണ്ടെത്തിയത്. നാല് ത്രസ്റ്ററുകളിൽ പ്രശ്നം കണ്ടെത്തിയെന്നാണ് വിവരം. രണ്ടെണ്ണം ഇപ്പോൾ പ്രവർത്തന സജ്ജമാണ്. അതുകൊണ്ട് തന്നെ പേടകം അന്താരാഷ്ട്ര ബഹിരാകാശത്തിലെത്താൻ ഇനിയും വൈകും.

തൽക്കാലം സ്പേസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ സ്ഥാനമുറപ്പിക്കാൻ സ്റ്റാർലൈനറിന് നാസ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ശ്രമം രാത്രി പതിനൊന്ന് മണിയോടെയാകും. 11 മണിക്ക് സ്റ്റാർലൈനറിനെ വീണ്ടും ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കും. അതിനുള്ളിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ശ്രമം നടക്കുകയാണ്.

നേരത്തെ ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ നേരത്തെ ഹീലിയം ചോർച്ച കണ്ടെത്തിയിരുന്നു. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ ആണ് ഇന്ന് രണ്ടിടത്ത് കൂടി ചോർച്ച കണ്ടെത്തിയത്. രണ്ട് ഹീലിയം വാൾവുകൾ പൂട്ടി പ്രശ്നം തൽക്കാലം പരിഹരിച്ചെന്നാണ് നാസ അറിയിച്ചത്.

ഇന്നലെ രാത്രി 8.22 നായിരുന്നു ചരിത്രപരമായ സ്റ്റാർ ലൈനർ വിക്ഷേപണം. ഇന്ത്യൻ വംശജയായ സുനിത വില്യംസും, അമേരിക്കൻ ബുച്ച് വിൽമോറുമാണ് സ്റ്റാർലൈനറിന്‍റെ ആദ്യ മനുഷ്യ ദൗത്യത്തിലെ യാത്രക്കാർ. സുനിത വില്യംസ് ആണ് പരീക്ഷണ ദൗത്യത്തില്‍ ബഹിരാകാശ പേടകം പറത്തുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത എന്ന നേട്ടവും ഇതിലൂടെ സുനിത വില്യംസ് സ്വന്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide