ന്യൂമെക്‌സിക്കോ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. ആറുമണിക്കൂര്‍ മുമ്പാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് പേടകം ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ് പേടകം നിലയത്തില്‍നിന്ന് വേര്‍പ്പെട്ടത്. പാരച്യൂട്ടുകളുടെ സഹായത്തോടെ ഭൂമിയിലിറക്കി.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും വഹിച്ച് ബഹിരാകാശ നിലയത്തിലെത്തിയ പേടകം, തിരിച്ചുള്ള യാത്രയില്‍ ഇരുവരുമില്ലാതെ ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പെയ്‌സ് ഹാര്‍ബറില്‍ അമേരിക്കൻ സമയം പുലർച്ചെ സമയം 12:01-ഓടെ ഇറങ്ങി.
പല തവണ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ട പേടകത്തിൽ സുനിതയും ബുച്ചും മടങ്ങുന്നത് അപകടകരമാണെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് സ്റ്റാർലൈനറുടെ മടക്കയാത്ര ഈ വിധമായത്. പകരം യാത്രികർ സ്പെയ്സ് എക്സിൻ്റെ ക്രൂ ഡ്രാഗണിൽ ഫെബ്രുവരിയിൽ തിരികെ വരുമെന്ന് കരുതുന്നു. എട്ടു ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് പോയവരാണ് 8 മാസം ബഹിരാകാശത്ത് കഴിയേണ്ടി വന്നത്. സ്റ്റാർലൈനറിൻ്റെ ലാൻഡിങ് നാസ ലൈവ് സ്ട്രീം ചെയ്തിരുന്നു.