
കണ്ണൂര്‍: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവരിൽ ഒരാൾ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. അപകടത്തിൽ പരുക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം, സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം വ്യക്തമാക്കി. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നത്. മുളിയാത്തോട് സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രവും, വിശദവുമായ അന്വേഷണം നടത്തണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സ്ഫോടനത്തിൽ പരുക്കേറ്റ വിനീഷ് സിപിഎം പ്രവർത്തകരെ അക്രമിച്ച കേസിലുൾപ്പടെ പ്രതിയാണ്. മരിച്ച ഷെറിനും സമാനമായ കേസിൽ പ്രതിയാണ്. ആ ഘട്ടത്തിൽ തന്നെ ഇയാളെ പാർട്ടി തളളിപ്പറഞ്ഞതുമാണ്. നാട്ടിൽ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തിൽ സ്ഫോടനത്തിൽ പരിക്കുപറ്റിയവർ സിപിഎം പ്രവർത്തകർ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്നും പാർട്ടി വ്യക്തമാക്കി.
പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. സ്ഫോടനത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.