വിമാനയാത്ര ഭീതിയുടെ മുള്‍മുനയിലോ? 24 മണിക്കൂറിനുള്ളില്‍ 11 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: രാജ്യത്ത് വിമാനങ്ങല്‍ക്ക് വ്യാജ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു. യാത്രികരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവങ്ങള്‍ക്കാണ് ഏതാനും ആഴ്ചകളായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. അഭൂതപൂര്‍വമായ സുരക്ഷാ ഭയം സൃഷ്ടിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പതിനൊന്ന് വിമാനങ്ങള്‍ക്കാണ് ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണിയുണ്ടായത്.

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനം (യുകെ 17) ബോംബ് ഭീഷണിയെ തുടര്‍ന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. ജയ്പൂര്‍-ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് (IX 196) ഭീഷണിയുണ്ടായി, അത് വ്യാജമാണെന്ന് തെളിഞ്ഞു. അതേസമയം, അഞ്ച് ആകാശ എയര്‍ വിമാനങ്ങളും അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഇന്ന് ബോംബ് ഭീഷണി ലഭിച്ചു.

ദുബായ്-ജയ്പൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ജയ്പൂര്‍-ദുബായ് (IX 195) വിമാനം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ വൈകി. ഇന്ന് രാവിലെ 6.10നാണ് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45നാണ് ദുബായിലേക്ക് പുറപ്പെടാനായത്. ഇതിനിടെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ട വിസ്താര വിമാനം സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി പിന്നീട് ലണ്ടനിലേക്ക് പറന്നു.

കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങള്‍ക്ക് ലഭിച്ചത്. ഇന്‍ഡിഗോയുടെ ഡല്‍ഹിഇസ്തംബുള്‍, മുംബൈ ഇസ്തംബുള്‍ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി. ജോധ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചതായും, വിമാനം ഡല്‍ഹിയില്‍ ഇറക്കി സുരക്ഷാ പരിശോധന നടത്തിയതായും കമ്പനി അറിയിച്ചു.

More Stories from this section

family-dental
witywide