ന്യൂഡല്‍ഹി: അടുത്തിടെ രാജ്യ തലസ്ഥാനത്തെ നിരവധി സ്‌കൂളുകള്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിനു പിന്നാലെ ഇമെയിലുകള്‍ ആശുപത്രികളെയും ലക്ഷ്യമിടുന്നു. ഡല്‍ഹിയിലെ രണ്ട് ആശുപത്രികള്‍ക്കാണ് ഇന്ന് ബോംബ് ഭീഷണി എത്തിയിരിക്കുന്നത്. ബുരാരി ആശുപത്രിയിലേക്കും സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്കുമാണ് ഭീഷണി ഇ-മെയിലുകള്‍ വന്നത്. പോലീസ് സ്ഥലത്തുണ്ടെന്നും രണ്ട് ആശുപത്രികളിലും തിരച്ചില്‍ തുടരുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെയും ഗുജറാത്തിലെ അഹമ്മദാബാദിലെയും 100ലധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു. പിന്നീടാണ് അത് വ്യാജമാണെന്ന് തെളിഞ്ഞത്. മെയ് രണ്ടിന് ഡല്‍ഹിയിലെ 131, ഗുരുഗ്രാമിലെ അഞ്ച്, നോയിഡ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലെ മൂന്ന് സ്‌കൂളുകളിലേക്കുമാണ് ഇ-മെയിലുകള്‍ അയച്ചത്. മൂന്ന് ദിവസത്തിന് ശേഷം അഹമ്മദാബാദിലെ മൂന്ന് സ്‌കൂളുകള്‍ക്കും ഭീഷണിയുണ്ടായി.
ഒരു റഷ്യന്‍ ഡൊമെയ്നില്‍ നിന്നും ഒരൊറ്റ ഐപി വിലാസത്തില്‍ നിന്നാണ് സ്‌കൂളുകള്‍ക്ക് ഇമെയിലുകള്‍ ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐ.എസ്.ഐ.എസുമായി ബന്ധപ്പെടുത്തിയാണ് മെയിലുകള്‍ വന്നതെങ്കിലും ഇതുമായി ഐ.എസിന് ബന്ധമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.