കിവു: കിഴക്കന്‍ കോംഗോയിലെ നോര്‍ത്ത് കിവു പ്രവിശ്യയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ താമസിക്കുന്ന രണ്ട് ക്യാമ്പുകള്‍ക്ക് ബോംബാക്രമണം. കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
നോര്‍ത്ത് കിവുവിന്റെ പ്രവിശ്യാ തലസ്ഥാനമായ ഗോമ നഗരത്തിന് സമീപമുള്ള ലാക് വെര്‍ട്ടിലെയും മുഗുംഗയിലെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ രണ്ട് ക്യാമ്പുകളില്‍ വെള്ളിയാഴ്ച ബോംബുകള്‍ പതിച്ചതായി യുഎന്‍ പ്രസ്താവനയില്‍ പറഞ്ഞു. റുവാണ്ടയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എം 23 എന്നറിയപ്പെടുന്ന വിമത ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കോംഗോ സൈനിക വക്താവ് ലെഫ്റ്റനന്റ് കേണല്‍ എന്‍ജികെ കൈക്കോ അസോസിയേറ്റഡ് പ്രസിന് നല്‍കിയ പ്രസ്താവനയില്‍ ആരോപിച്ചു. എന്നാല്‍, എം 23 വിമത സംഘം ആക്രമണത്തിലെ നിഷേധിക്കുകയും കോംഗോ സേനയെ കുറ്റപ്പെടുത്തുകയും ചെയ്തു.
‘മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ്, ഇത് യുദ്ധക്കുറ്റമായി മാറിയേക്കാം’ എന്നാണ് യുഎന്‍ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിച്ചത്. ആക്രമണത്തില്‍ 20 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ വക്താവ് ജീന്‍ ജോനാസ് യാവോവി ടോസ എപിയോട് പറഞ്ഞു.