
കണ്ണൂര്‍: എരഞ്ഞോളിയില്‍ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തിന്റെ നടുക്കം മാറുംമുമ്പ് കണ്ണൂരില്‍ നിന്നും വീണ്ടും ബോംബുകള്‍ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും 2 സ്റ്റീല്‍ ബോംബുകളാണ് കണ്ടെടുത്തിട്ടുള്ളത്.
കണ്ണൂരില്‍ വ്യാപക പരിശോധന നടത്തുന്ന പൊലീസാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ബോംബുകള്‍ കണ്ടെടുത്തത്. ജില്ലയില്‍ ആള്‍ത്താമസമില്ലാത്ത വീടുകളുടെ വിവരങ്ങളെടുത്ത് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്. തലശ്ശേരി, കൂത്തുപറമ്പ്, ന്യൂ മാഹി, പാനൂര്‍, കോളവല്ലൂര്‍ മേഖലകളിലാണ് കൂടുതല്‍ പരിശോധന. എരഞ്ഞോളി പ്രദേശത്തെ ക്രിമിനല്‍ ക്വാട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പാനൂര്‍ സ്‌ഫോടനത്തിന് പിന്നാലെ ബോംബ് നിര്‍മാണവും സൂക്ഷിക്കലും നടക്കുന്നുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടന്നിരുന്നു. പാനൂരില്‍ നിര്‍മാണത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരണപ്പെട്ടത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ സ്ഫോടനം നടന്ന വീട്ടുപരിസരത്തു നിന്ന് ഏഴ് ബോംബുകള്‍ കൂടി കണ്ടെടുത്തിരുന്നു.