ഷിരൂരിൽ തിരച്ചിലിനിടെ അസ്ഥി കണ്ടെത്തി; ഫൊറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ 3 പേർക്കായുള്ള തിരച്ചിലിനിടെ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിയാണ് കണ്ടെത്തിയത് എന്നാണ് സംശയം. ഫൊറൻസിക് പരിശോധനയ്ക്കായി അസ്ഥി ലാബിലേക്ക് മാറ്റി.

ജില്ലാ ഭരണകൂടത്തിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച് ഈശ്വർ മാൽപെ തിരച്ചിൽ നിർത്തി നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. ഇക്കാര്യം സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചു. അസ്ഥി എഫ്എസ്എൽ ലാബിലേക്ക് അയയ്ക്കണം. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. ഇതിനു ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയിൽ പറഞ്ഞു.

ഇന്നത്തെ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്നും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന കൂളര്‍ ഫാന്‍, ഹ്രൈഡ്രോളിക് ജാക്കി എന്നിവയാണ് കണ്ടെത്തിയത്. ഇതിന് പുറമെ ഒരു സ്‌കൂട്ടറിന്റെ ഭാഗവും മറ്റ് വസ്തുക്കളും അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ മരത്തടികളും കണ്ടെത്തിയിട്ടുണ്ട്.

ഈശ്വര്‍ മാല്‍പേ നടത്തിയ ഡൈവിങ്ങിലാണ് മരത്തടികള്‍ കണ്ടെത്തിയത്. കരയ്ക്ക് അടുപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഇന്നലെ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാബിന്റെ ഭാഗവും അര്‍ജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥീരികരിച്ചിരുന്നു. കണ്ടെടുത്തത് ഒരു പഴയ ലോറിയുടെ ഭാഗങ്ങളാണെന്നും സ്റ്റിയറിങ് കണ്ടിട്ട് ലോറിയുടേതാവാന്‍ സാധ്യതയില്ലെന്നുമാണ് മനാഫിന്റെ നിഗമനം.

അതേസമയം, മാൽപെ മടങ്ങിയെങ്കിലും ദൗത്യം തുടരുമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടം സഹകരിക്കുന്നില്ലെന്നും തിരിച്ചിലിന് അനുമതി നൽകിയാൽ തിരിച്ചുവരാമെന്നും പറഞ്ഞാണ് മാൽപെ മടങ്ങഇയത്. ഒരേ സമയം ഡ്രഡ്ജിങ്ങും ഡൈവിങ്ങും നടത്തുന്നത് അപകടമാണെന്നും മാൽപെയുടെ സുരക്ഷ മുൻനിർത്തിയാണ് അനുമതി നൽകാത്തതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

More Stories from this section

family-dental
witywide