ന്യൂഡല്‍ഹി: ഭരണപ്രതിപക്ഷ ബഹളത്തില്‍ പാര്‍മെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി.
അമേരിക്കന്‍ വ്യവസായി ജോര്‍ജ് സോറോസിനെയും കോണ്‍ഗ്രസിനെയും ബന്ധപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ നടത്തിയ പരാമര്‍ശം സഭാ രേഖയില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് അംഗം കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതിനെ അനുകൂലിച്ച് പ്രതിപക്ഷ അംഗങ്ങളും എതിര്‍ത്ത് ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെയാണ് ലോക്‌സഭാ നടപടികള്‍ തടസ്സപ്പെട്ടത്.
ജോര്‍ജ് സോറോസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം പറ്റിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും, ഭാരത് ജോഡോ യാത്രയ്ക്ക് എത്ര പണം വാങ്ങിയെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തണമെന്നും ബിജെപി അംഗം നിഷികാന്ത് ആരോപിച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ ഒരുമണിവരെ നിര്‍ത്തിവെച്ചു.
അതേസമയം, രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് ആയുധമാക്കി ഭരണപക്ഷം ഉയര്‍ത്തിയ പ്രതിഷേധമാണ് രാജ്യസഭയെ പ്രക്ഷുബ്ധമാക്കിയത്. രാജ്യസഭാ ചെയര്‍മാനെ പ്രതിപക്ഷം അപമാനിച്ചെന്നും പ്രതിപക്ഷ അംഗങ്ങള്‍ മാപ്പുപറയണമെന്നും കേന്ദ്ര മന്ത്രി ജെ.പി.നദ്ദ ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ഉച്ചയ്ക്ക് 2 മണിവരെ നിര്‍ത്തിവെച്ചു. അദാനി വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്ത് ഇന്നും കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.