പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ ബാലനെ കാട്ടുപന്നി ആക്രമിച്ചു. സന്നിധാനം കെഎസ്ഇബി ഓഫിസിന് എതിര്‍വശത്ത് വച്ച് ശനിയാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ആലപ്പുഴ പഴവീട് മച്ചിങ്ങ പറമ്പില്‍ മനോജിന്റെ മകന്‍ ശ്രീഹരി(9) ക്കാണ് പരുക്കേറ്റത്. വലതുകാലിന്റെ മുട്ടിന് മുകളിലായി ഗുരുതര പരുക്കേറ്റ ശ്രീഹരിയെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിതാവ് അടക്കമുള്ള സംഘത്തോടൊപ്പം ദര്‍ശനത്തിനായി എത്തിയതായിരുന്നു ശ്രീഹരി. മരക്കൂട്ടത്തു നിന്നും ശരംകുത്തി വഴി എത്തി വലിയ നടപ്പന്തല്‍ ഭാഗത്തേക്ക് ഇറങ്ങവെ കാട്ടുപന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.